മലപ്പുറത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യ മരിച്ചു; തടയാൻ ശ്രമിച്ച മകന് പരിക്ക്
text_fieldsസുലൈഖ, ഭർത്താവ് മൊയ്തീൻ
കൊളത്തൂർ (മലപ്പുറം): പുഴക്കാട്ടിരിയിൽ മധ്യവയസ്കയെ വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു. കുറ്റിക്കാട്ടിൽ മൊയ്തീെൻറ ഭാര്യ സുലൈഖയാണ് (54) മരിച്ചത്. സംഭവത്തിൽ ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് പുഴക്കാട്ടിരി മണ്ണുംകുളം ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്. പരിക്കേറ്റ മകൻ മുഹമ്മദ് ഹനീഫ (36) മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വത്ത് സംബന്ധിച്ച വാക്തർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് കരുതുന്നത്. വീട്ടിനകത്തുനിന്ന് തലക്ക് പിറകിൽ വെട്ടേറ്റ സുലൈഖ മരണവെപ്രാളത്തിൽ പുറത്തേക്ക് ഓടിയെങ്കിലും ഭർത്താവ് മൊയ്തീൻ പിന്തുടർന്ന് വീണ്ടും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം വീടിനു മുന്നിൽ സുഹൃത്തുക്കളോടൊപ്പം നിന്ന മകൻ ഹനീഫ ഓടിയെത്തി മാതാവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ചെങ്കിലും മൊയ്തീൻ പിന്തിരിഞ്ഞില്ല. ഇതിനിടെയാണ് മകൻ ഹനീഫക്ക് വെട്ടേറ്റത്. സുലൈഖയുടെ ദേഹത്ത് പല തവണ വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുലൈഖയെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വീടിന് മുന്നിൽതന്നെയുള്ള കെട്ടിടത്തിൽ കച്ചവടം നടത്തുകയാണ് മൊയ്തീൻ. കൃത്യം നടത്തിയതിനു ശേഷം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ മൊയ്തീനെ കൊളത്തൂർ പൊലീസിന് കൈമാറി. വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയാണ് മരിച്ച സുലൈഖ. മക്കൾ: മുഹമ്മദ് ഹനീഫ, ജസീന, സഫീന. മരുമക്കൾ: ഗഫൂർ (മണ്ണുംകുളം), സലാം (കടുങ്ങപുരം), ജുവൈരിയ്യ (വഴിപ്പാറ).
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ നേതൃത്വത്തിൽ കൊളത്തൂർ സി.ഐയും സംഘവും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.