ഭാര്യയെ കൊന്ന കേസ്: പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത് ഫോൺവിളി
text_fieldsപൊന്നാനി: പൊന്നാനിയിലെ സുലൈഖ കൊലക്കേസിലെ പ്രതിയായ ഭർത്താവ് യൂനുസ് കോയയെ കുടുക്കിയത് ട്രെയിനിലെ ഫോൺവിളി. കൃത്യം നടത്തിയതിന് ശേഷം സ്വന്തം ഫോൺ ഉപേക്ഷിച്ച ഇയാളെ കണ്ടെത്താൻ പൊലീസിന് തടസ്സങ്ങൾ ഏറെ ഉണ്ടായെങ്കിലും ട്രെയിനിലെ സഹയാത്രികന്റെ ഫോണിൽനിന്ന് ബന്ധുക്കളെ വിളിച്ചതാണ് പ്രതിയെ ഉടൻ വലയിലാക്കാൻ പൊലീസിന് സഹായകമായത്. പ്രതിയെക്കുറിച്ച സൂചന ലഭിക്കാൻ ഇയാളുടെ ബന്ധുക്കളുടെ ഫോൺ കാളുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
രണ്ട് ദിവസം മുമ്പ് സെക്കന്തരാബാദിൽനിന്ന് ബന്ധുവിന്റെ നമ്പറിലേക്ക് വിളിയെത്തിയതോടെയാണ് പ്രതി ഹൈദരാബാദിലേക്ക് പോകുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഉടൻ ഹൈദരാബാദ് പൊലീസിന് പ്രതിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറി. ഹൈദരാബാദിലെ നമ്പല്ല റെയിൽവേ സ്റ്റേഷനിൽ ഇയാൾ ട്രെയിൻ ഇറങ്ങിയതോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ, രണ്ട് സംഘമായി പൊലീസ് സ്ഥലത്തെത്തി പ്രതിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കാനായിരുന്നു യൂനുസ് കോയയുടെ പദ്ധതി.
ജൂണ്‍ 26ന് വിസിറ്റിങ് വിസയില്‍ ദുബൈയിലേക്ക് ജോലിയന്വേഷിച്ച് പോയ യൂനുസ് കോയ അവിടെ ജോലി ശരിയാകാതെ കഴിഞ്ഞ 19ന് നാട്ടിലേക്ക് തിരിക്കുകയായിരുെന്നന്ന് െപാലീസ് പറഞ്ഞു. ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അന്നേ ദിവസം രാത്രി പൊന്നാനിയിലെ ഭാര്യവീട്ടിലെത്തുകയും അടുക്കളഭാഗത്തെ ഇരുട്ടില്‍ മറഞ്ഞിരിക്കുകയും ചെയ്തു. തുടർന്ന്, കുളികഴിഞ്ഞ് വീട്ടിലേക്ക് കയറാനായി വന്ന ഭാര്യ സുലൈഖയെ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മദ്യപാനിയായ പ്രതി സ്ഥിരമായി ജോലിക്ക് പോകാറില്ലായിരുന്നു.
മരിച്ച സുലൈഖയായിരുന്നു ജോലി ചെയ്ത് മൂന്നുമക്കെളയും നോക്കി കുടുംബം പുലര്‍ത്തിയിരുന്നത്. മുമ്പ് പലതവണ പ്രതി വിദേശത്തേക്ക് ജോലിക്കായി പോയിട്ടുണ്ടെങ്കിലും അധികം വൈകാതെ തിരികെ നാട്ടിലെത്തുകയായിരുന്നു.പ്രതി ഹൈദരാബാദിലെ മതപാഠശാലയിൽ വിദ്യാർഥിയായിരുന്നു. ഏഴ് വർഷത്തോളം അവിടെ വിവിധ കടകളിൽ ജോലി ചെയ്തിട്ടുമുണ്ട്. ഈ പരിചയം മുതലെടുത്ത് ഹൈദരാബാദിൽ സ്ഥിരതാമസമാക്കാനായിരുന്നു ഇയാളുടെപദ്ധതി.
രോഷാകുലരായി നാട്ടുകാർ
പൊന്നാനി: സുലൈഖ കൊലക്കേസിലെ പ്രതിയായ യൂനുസ് കോയയെ പൊന്നാനി കോടതിയിൽ ഹാജറാക്കാനെത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ. പ്രതിയെ കോടതിയിൽ ഹാജറാക്കുന്നതറിഞ്ഞ് നൂറുകണക്കിന് പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയതിനെ തുടർന്ന് പുറത്തെത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ ജീപ്പിന് സമീപത്തെത്തി. ഇതോടെ പൊലീസ് ഏറെ പാടുപെട്ടാണ് പ്രതിയെ നാട്ടുകാരിൽനിന്ന് രക്ഷപ്പെടുത്തി ജീപ്പിൽ കയറ്റിയത്. നിരപരാധിയായ സ്ത്രീയെ കൊന്ന പ്രതിയെ മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ രോഷത്തോടെ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.