മന്ത്രവാദ ചികിത്സ: വിദ്യാർഥിനിയുടെ മരണത്തിൽ പിതാവടക്കം രണ്ടു പേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: മന്ത്രവാദത്തിെൻറ പേരിൽ വൈദ്യചികിത്സ കിട്ടാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചികിത്സ നടത്തിയ ഇമാമിനെയും കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കണ്ണൂർ സിറ്റി ഞാലുവയല് സ്വദേശിനി ഫാത്തിമയുടെ (11) പിതാവ് അബ്ദുൽ സത്താർ (55), മന്ത്രവാദ ചികിത്സ നടത്തിയ കണ്ണൂർ സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ്. കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാക്കാത്തതിന് ബാലനീതി നിയമപ്രകാരമുള്ള വിവിധ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇമാമിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പനിബാധിച്ച ഫാത്തിമക്ക് താൻ ജപിച്ചൂതിയ വെള്ളം നൽകിയതായും തെൻറ നിർദേശ പ്രകാരമാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കാണിക്കാതിരുന്നതെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച രാവിലെ ഇയാെള സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അബ്ദുൽ സത്താറിനെ ബുധനാഴ്ച രാവിലെ 11ഓെട വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചയാണ് പനി മൂർച്ഛിച്ച് ഫാത്തിമ മരിച്ചത്. തുടർന്ന് മരണത്തിൽ സംശയം തോന്നിയ കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുന്നത്. വിദ്യാർഥിനിയുടെ മരണത്തിെൻറ പശ്ചാത്തലത്തിൽ, മന്ത്രവാദ ചികിത്സയെ തുടർന്ന് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന പ്രദേശത്തെ അഞ്ച് മരണങ്ങളിലേക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഫാത്തിമയുടെ മരണത്തിൽ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.