കൊലപാതകക്കേസിൽ 'സാക്ഷി' പ്രതിയായി
text_fieldsകുണ്ടറ: കേരളപുരത്ത് വീടിനുള്ളിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷി പ്രതിയായി. കേരളപുരം പെനിയേൽ സ്കൂളിന് സമീപം കോട്ടൂർ വീട്ടിൽ സുനിൽ കുമാർ ആണ് വെട്ടേറ്റ് മരിച്ചത്. വീട്ടിൽ നിന്ന് നാല് പേർ ഇറങ്ങി ഓടുന്നത് കണ്ടെന്ന് പൊലീസിനോടും നാട്ടുകാരോടും സാക്ഷി പറഞ്ഞയാൾ അന്വേഷണത്തിനൊടുവിൽ പ്രതിയായി. മരിച്ച സുനിൽകുമാറിന്‍റെ വീട്ടിൽ നിന്ന് 400 വാര അകലെ താമസിക്കുന്ന കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് കച്ചി കടവിൽ ചെമ്പകശ്ശേരി വീട്ടിൽ സാംസണാണ് അറസ്റ്റിലായത്.
സംഭവ ദിവസം സുനിലും സാംസണും ചേർന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ബോധരഹിതനായ സാംസണിന്‍റെ പോക്കറ്റിലുണ്ടായിരുന്ന രൂപ സുനിൽ എടുത്തു. ബോധം തെളിഞ്ഞപ്പോൾ പണം നഷ്ടപ്പെട്ടതറിഞ്ഞ സാംസൺ സുനിലിനെ തേടി സമീപത്തെ കടകളിലും മറ്റും എത്തി. രാത്രിയോടെ സുനിലിന്‍റെ വീട്ടിലും എത്തി.
സാംസൺ എത്തുമ്പോൾ സുനിൽ കസേരയിൽ ടി.വി കണ്ടിരിക്കുകയായിരുന്നു. പണത്തെ ചൊല്ലി തർക്കവും കയ്യാങ്കളിയും നടന്നു. സുനിൽ അടുക്കളയിൽ നിന്ന് കത്തിയുമായി എത്തി. പരസ്പരം പിടിവലിയായി. പിടിവലിക്കിടെ കത്തി സുനിലിന്‍റെ നെഞ്ചിൽ കൊണ്ടു. തുടർന്ന് കത്തി കൈക്കലാക്കിയ സാംസൺ സുനിലിന്‍റെ കഴുത്തിൽ വെട്ടി. സുനിൽ ബോധരഹിതനായി വീണതോെട സാംസൺ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഇയാൾ റോഡിലൂടെ വരുമ്പോൾ അതുവഴി ബൈക്കിലെത്തിയ പ്രദേശവാസിയായ യുവാവ് ബൈക്ക് നിർത്തി സാംസണോട് വിവരം അന്വേഷിച്ചിരുന്നു. സുനിലിനെ ആരോ വീട്ടിൽ വെട്ടിയതായും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും സാംസൺ പറഞ്ഞു. എന്നാൽ ഭയന്ന യുവാവ് അച്ഛനെ വിളിക്കാമെന്ന് പറഞ്ഞ് ബൈക്ക് ഓടിച്ച് പോയി. ഇയാൾ വീട്ടിലെത്തി മറ്റുള്ളവരുമായി മടങ്ങിയപ്പോൾ പൊലീസ് എത്തിയിരുന്നു. അടുത്ത ദിവസം തന്നെ സാംസണെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും യുവാവിനെ രാത്രിയിൽ തന്നെ വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.