യുവതിയുടെ ആത്മഹത്യ: ഭർത്താവിന് എട്ടുവർഷം കഠിനതടവ്
text_fieldsമുട്ടം: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവിന് എട്ടു വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. രാമക്കൽമേട് വെട്ടിക്കൽവീട്ടിൽ ഉണ്ണിയുടെ മകൾ മഞ്ജു (29) തൂങ്ങിമരിക്കാനിടയായ സംഭവത്തിലാണ് ഭർത്താവ് കരുണാപുരം കുഴിഞ്ഞാളൂർ പുല്ലുംപ്ലാവിൽ വീട്ടിൽ സുജിത്തിനെ (39) തൊടുപുഴ നാലാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. ആത്മഹത്യ പ്രേരണക്ക് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും ഭർത്താവായ പ്രതിയുടെ ക്രൂരതക്ക് മൂന്ന് വർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. 25,000 രൂപ പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസവും 15,000 രൂപ പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസവും അധികം തടവ് അനുഭവിക്കണം. 2016 നവംബർ 20ന് വൈകീട്ട് 4.20നും ആറിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
2010 നവംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം. മഞ്ജുവിെൻറ സ്വർണാഭരണങ്ങൾ വിറ്റ് സമീപത്ത് കൃഷിയിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സുജിത് പാട്ടവസ്തുവിലെ വീട്ടിലായിരുന്നു ഭാര്യക്കൊപ്പം താമസം. മദ്യപിച്ചെത്തുന്ന ഇയാൾ മഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മർദനം തുടർന്നപ്പോൾ മഞ്ജു വീട്ടുകാരെ വിവരം അറിയിക്കുകയും ഒരു വയസ്സുള്ള കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. അവിടെയെത്തിയും പലപ്പോഴും വഴക്കുണ്ടാക്കി. മഞ്ജു ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ സുജിത് ഷാൾ എടുത്ത് കഴുത്തിൽ കുരുക്കിടേണ്ട വിധം കാണിച്ചുകൊടുക്കുകയും ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി ആയിരുന്ന എൻ.സി. റെജിമോൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലോത്ത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.