പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു: ടാറ്റ ആശുപത്രിക്കെതിരെ കേസ്, ഡോക്ടര്‍ക്ക് സസ്‌പെൻഷൻ
text_fieldsചോറ്റാനിക്കര: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചോറ്റാനിക്കര ടാറ്റ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയില്‍ ജിതേഷിന്‍റെ ഭാര്യ ഗോപിക (26) മരിച്ചത്.
ആദ്യ പ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ ഗോപിക ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് രാത്രി ഏഴേമുക്കാലോടെ ഗോപികക്ക് അമിത രക്തസ്രാവമുണ്ടെന്നും ഉടന്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം ഗോപികയുടെ സ്വന്തം വീടായ അരൂരില്‍ സംസ്‌കരിച്ചു. അരൂര്‍ പത്മാലയത്തില്‍ ജയന്‍റെയും ലതയുടെയും മകളാണ് ഗോപിക.
ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്‍റ് മെമ്പര്‍മാര്‍, സി.പി.ഐ പ്രതിനിധികള്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തതിന്‍റെ ഭാഗമായി ഡോക്ടര്‍ സൂസന്‍ ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ കൃത്യമായ ചികിത്സ ഒരുക്കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, എല്‍.ജെ.ഡി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.