വയറു വേദനക്ക് ചികിത്സക്കെത്തിയ യുവതി മരിച്ചു; യു.പി ആശുപത്രിയിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
text_fieldsഅമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിലെ ആശുപത്രിയിൽ 22 കാരി ചികിത്സക്കിടെ മരിച്ചു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. തുടർന്ന് ആശുപത്രിയിൽ പൊലീസിനെ വിന്യസിച്ചു.
വയറു വേദനയെ തുടർന്നാണ് ദിവ്യയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പിത്താശയത്തിൽ കല്ലുള്ളതിനാലാണ് വേദനയെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ നിർദേശിച്ചു.
ശസ്ത്രക്രിയക്കു നടക്കുന്നതിനു മുമ്പേ കഴിഞ്ഞ സെപ്റ്റംബർ 14ന് യുവതി കോമയിലായി. ലഖ്നോയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പ് 30 മണിക്കൂറോളം യുവതിയെ ആശുപത്രിയിൽ തന്നെ കിടത്തിയതായും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ വെച്ച് ദിവ്യക്ക് ഹൃദയാഘാതം ഉണ്ടായതായി ഭർത്താവ് അഞ്ജു ശുക്ല ആരോപിച്ചു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ദിവ്യ മരിച്ചത്. തുടർന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് കാണിച്ചാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്.
കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് ആണ് ആശുപത്രി നടത്തുന്നത്. സോണിയ ഗാന്ധി ചെയർപേഴ്സണും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്രസ്റ്റ് അംഗങ്ങളുമാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അമേത്തി പൊലീസ് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രതിഷേധം തുടരുമെന്ന് യുവതിയുടെ കുടുംബം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.