യുവതി ചികിത്സ കിട്ടാതെ മരിച്ചു; പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടർക്കെതിരെ കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ജാൽനയിൽ ചികിത്സ കിട്ടാതെ 26കാരി മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വനിത ഡോക്ടർ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന് ഔറംഗബാദിലെ സർക്കാർ ആശുപത്രിയിലെയും മെഡിക്കൽ കോളജിലെയും മുതിർന്ന ഡോക്ടർമാരുടെ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
നെഹ ലിധോറിയ എന്ന യുവതിയാണ് ചികിത്സ ലഭിക്കാത്തതിനാൽ പ്രസവാനന്തരം അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. യുവതിക്കരികിൽ തൊഴിൽ പരിചയക്കുറവുള്ള നഴ്സിങ് സ്റ്റാഫിനെ നിർത്തിയ ശേഷം ഡോക്ടർ പ്രഭാതസവാരിക്കിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രോഗിയുടെ അവസ്ഥയെക്കുറിച്ചും രക്തത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 13നാണ് ജൽനയിലെ സ്വകാര്യ ആശുപത്രിയിൽ നേഹ പ്രസവത്തിന് ചികിത്സ തേടിയത്. ആൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. മരണത്തെതുടർന്ന് ഭർത്താവ് പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ാം വകുപ്പ് (അശ്രദ്ധ മൂലമുള്ള മരണം) പ്രകാരമാണ് ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.