ട്രെയിൻ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം -പൊലീസ്
text_fieldsവഡോദര: ഗുജറാത്തിലെ വൽസാദിൽ ഈമാസം ആദ്യം ട്രയിൻ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന് ഇരയാെയന്ന് സംശയിക്കുന്നതായി പൊലീസ്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം.
കോളജ് വിദ്യാർഥിനിയായ 18കാരി വഡോദരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒയിൽ പ്രവർത്തിച്ചിരുന്നു. വഡോദരയിലെ ഹോസ്റ്റലിലായിരുന്നു പെൺകുട്ടിയുടെ താമസം. നവംബർ നാലിന് നവ്സാരി സ്വദേശിയായ പെൺകുട്ടിയെ വൽസാദ് ക്യൂൻ എക്സ്പ്രസിലെ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പെൺകുട്ടിയുടെ ബാഗിൽനിന്ന് ഡയറി പൊലീസ് കണ്ടെടുത്തു. ഇൗ മാസം ആദ്യം ഓട്ടോയിലെത്തിയ രണ്ടു പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്ഥലത്തെത്തിക്കുകയും ചെയ്തിരുന്നു. കണ്ണുകെട്ടിയാണ് പെൺകുട്ടിയെ ഇവർ അവിടെ എത്തിച്ചത്. അവിടെവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതായാണ് പൊലീസിന്‍റെ നിഗമനം. പിന്നീട് പ്രദേശത്തേക്ക് ഒരു ബസ് ഡ്രൈവർ വന്നതോടെ പ്രതികൾ കടന്നുകളഞ്ഞു. ബസ് ഡ്രൈവറുടെ സഹായത്തോടെ പെൺകുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന് രക്ഷെപ്പടുകയുമായിരുന്നു -ഡയറിയിൽ പറയുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചതായി ഐ.ജി സുഭാഷ് ത്രിവേദി പറഞ്ഞു. വഡോദര പൊലീസ്, അഹ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച്, ഫോറൻസിക് സയൻസ് ലബോറട്ടറി, റെയിൽവേ എന്നിവരെ ഉൾപ്പെടുത്തി ഏകദേശം 25ഒാളം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. 450ഓളം സി.സി.ടി.വിയും പരിശോധനക്ക് വിധേയമാക്കി.
'പെൺകുട്ടിയുടെ ഡയറിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായോ ലൈംഗികമായി ആക്രമിക്കപ്പെട്ടതായോ എഴുതിയിട്ടില്ല. എന്നാൽ, അവിടെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായാണ് നിഗമനം' -എസ്.പി റാത്തോഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.