പിതാവിന്‍റെ പെൻഷൻ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; 34കാരി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പിതാവിന്‍റെ പെൻഷൻ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 34കാരി അറസ്റ്റിൽ. ഫിനാൻസ് കമ്പനിയിലെ സ്വർണ വായ്പ ലോൺ തിരിച്ചടക്കാനാണ് യുവതി പണം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറ്റം ചെയ്യാൻ യുവതി പിതാവിന്‍റെ മൊബൈൽ ബാങ്കിങ് ഉപയോഗിക്കുകയായിരുന്നു. ഇലക്‌ട്രിക് കമ്പനിയിൽ നിന്ന് വിരമിച്ച യുവതിയുടെ പിതാവ് തന്റെ അറിവില്ലാതെ 1000 രൂപ തട്ടിയെടുത്തതായി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
2021 നവംബറിനും 2022 മാർച്ചിനുമിടയിൽ പലപ്പോഴായാണ് ഇവർ പണം തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ പിതാവിന്‍റെ ഫോണിൽ നിന്ന് ഒറ്റത്തവണ പാസ്‌വേഡുകളുടേയും ഡെബിറ്റ് സന്ദേശങ്ങളുടേയും വിവരങ്ങൾ നീക്കം ചെയ്യാറുണ്ടായിരുന്നെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇടപാടുകൾക്കോ ബാങ്കിൽ നിന്നുള്ള ഡെബിറ്റ് സന്ദേശങ്ങൾക്കോ തനിക്ക് ഒ.ടി.പിയൊന്നും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. പരാതിക്കാരന്‍റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ ആദ്യം ഇ-വാലറ്റുകളിലേക്കും പിന്നീട് രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി. ആദ്യ ബാങ്ക് അക്കൗണ്ട് പരാതിക്കാരന്‍റെ മരുമകന്റെ പേരിലാണെന്നും രണ്ടാമത്തേത് മകളുടേതാണെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ആദ്യം പിതാവിന്റെ അക്കൗണ്ടിൽ നിന്ന് ചെറിയ തുക ഓൺലൈൻ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നെന്നും ശ്രദ്ധിക്കപ്പെടാതെയായപ്പോൾ വലിയ തുകകൾ കൈമാറാൻ തുടങ്ങിയെന്നും യുവതി പൊലീസിൽ കുറ്റസമ്മതം നടത്തി. ബാങ്കിൽ പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നും കുടുംബം സാമ്പത്തികമായി ദുർബലമാണെന്നും യുവതി പൊലീസിൽ പറഞ്ഞു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.