യുവതിയെ കെണിയിലാക്കി തമിഴ്നാട്ടിൽ വിറ്റു; മനുഷ്യക്കടത്ത് സംഘം പിടിയിൽ
text_fieldsവടക്കഞ്ചേരി: ജോലി ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വിൽപന നടത്തുന്ന സംഘത്തെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ ഏഴിന് രാവിലെ 10ന് വടക്കഞ്ചേരിയിൽനിന്നും യുവതിക്ക് മാസം തോറും നാൽപ്പതിനായിരം രൂപ വാങ്ങി തരാമെന്നുപറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ കാറിൽ കൊണ്ടുപോയി.തുടർന്ന് 90000 രൂപക്ക് സേലത്തുള്ള ഒരാളെ കൊണ്ട് മധുക്കരയിൽ വെച്ച് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു. ശേഷം പ്രതികൾ ഭീഷണിപ്പെടുത്തുകയും വിൽപന നടത്തുകയുമായിരുന്നു.
വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞമാസം 28ാം തീയതി മുതൽ വടക്കഞ്ചേരി സ്വദേശിയെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വിശദമായി കൗൺസിലിന് വിധേയമാക്കി അന്വേഷണം നടത്തിയപ്പോഴാണ് മനുഷ്യകടത്ത് മാഫിയയുടെ ഇടപെടൽ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. വീട്ട് ജോലി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് തുക നൽകി തമിഴ്നാട്ടിൽ എത്തിച്ചപ്പോഴാണ് ചതിയാണെന്ന് യുവതി അറിയുന്നത്.
യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ വടക്കഞ്ചേരി പൊലീസ് ഇടനിലക്കാരിയായ കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മദ എന്ന ബൽക്കീസ് (49), സഹായികളായി പ്രവർത്തിച്ച പുതുക്കോട് മണപ്പാടം കുമ്പാരത്തറ പുത്തൻവീട്ടിൽ മണി (60), അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ ഗോപാലൻ (47), അണക്കപ്പാറ മലൻ കുളമ്പ് മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആലത്തൂർ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ ജീഷ്മോൻ വർഗീസ്, എ.എസ്.ഐമാരായ ദേവദാസ്, സന്തോഷ്, അബ്ദുൽ നാസർ, സൗമിനി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.