ഓൺലൈൻവഴി വായ്പക്ക് അപേക്ഷിച്ച യുവതിക്ക് ഭീഷണി
text_fieldsകാഞ്ഞങ്ങാട്: ഓൺലൈൻ വഴി പേഴ്സണൽ ലോണിന് അപേക്ഷിച്ച യുവതിക്ക് കിട്ടിയത് ഭീഷണി. ചെറുവത്തൂർ സ്വദേശിനി പുഷ്പ ലതയാണ് (31) ഓൺലൈൻവഴി വായ്പക്ക് അപേക്ഷിച്ച് വെട്ടിലായത്.
ഓൺലൈനിൽ പരസ്യം കണ്ടാണ് യുവതി ലോണിന് അപേക്ഷിച്ചത്. തുടർന്ന് ആധാർ കാർഡ് നമ്പറും ഫോൺ നമ്പറും ഫോട്ടോയും ഇവർ ആവശ്യപ്പെട്ടപ്രകാരം അയച്ചുകൊടുത്തു. ഇവർ ആവശ്യപ്പെട്ട ഒരു ആപ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, പുഷ്പലതക്ക് ലോൺ അനുവദിച്ചു കിട്ടിയില്ല.
കഴിഞ്ഞദിവസം അജ്ഞാത സംഘം യുവതിയെ വിളിച്ച് താങ്കൾക്ക് അനുവദിച്ച പണം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തി.
യുവതിയുടെ അക്കൗണ്ടിലേക്ക് 2700 രൂപ കമ്പനി ഒരാഴ്ച മുമ്പ് നിക്ഷേപിച്ചെന്നും 4700 രൂപ ഉടൻ തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
പണം ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ചെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഫോട്ടോ ഉൾപ്പെടെ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിക്ക് ഭീഷണിയുണ്ടായി.
യുവതിയുടെ മൊബൈൽ ഫോണിലുള്ള കോൺടാക്ട് ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും ഇവർക്കെല്ലാം ഫോട്ടോ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവതിയെ മോശമായി ചിത്രീകരിച്ചുള്ള ഫോട്ടോ ചിലർക്ക് സംഘം അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ പരിഭ്രാന്തിയിലായ പുഷ്പലത പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.