തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്
text_fieldsചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്.
ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. എൽതുരുത്ത് സെന്‍റ് അലോഷ്യസ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെയാണ് പ്രതി ശ്യാമിലിയുമായി പ്രണയം നടിച്ച് അടുപ്പത്തിലായത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
ഗർഭിണിയായ യുവതിയെ എന്തോ മരുന്നു നൽകി ഗർഭചിദ്രം നടത്തി. നിയമപരമായി വിവാഹം ചെയ്യാൻ ആവശ്യപ്പെട്ട ശ്യാമിലിയോട് അതിനു കഴിയില്ലെന്നും പോയി ചത്തുകൊള്ളാനും പറഞ്ഞു. ഇതോടെ മനംനൊന്ത് ശ്യാമിലി പായസത്തിൽ കുന്നിക്കുരു അരച്ചുചേർത്ത് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കേസിൽ നിർണായക തെളിവായത് ശ്യാമിലിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പിഴസംഖ്യ ശ്യാമിലിയുടെ പിതാവിന് നൽകണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.