വീടുകളിൽ മോഷണം പതിവാക്കിയ നാടോടി സ്ത്രീകൾ പിടിയിൽ
text_fieldsനാദാപുരം: തൂണേരി കോടഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകൾ പിടിയിൽ. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്ന സംഭവം ആവർത്തിക്കുന്നതിനിടയിലാണ് തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിൽ കവർച്ച നടന്നത്.
വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതിൽ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഒരു സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
കോടഞ്ചേരിയിലെ തെയ്യുള്ളതിൽ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകൽ മോഷണം നടന്നത്. നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയെ ചോദ്യം ചെയ്തുവരുകയാണ്. തൂണേരി,പാറക്കടവ്, ആവടിമുക്ക് എന്നിവിടങ്ങളിലും ജില്ലക്ക് പുറത്തും സമാന രൂപത്തിലുള്ള കവർച്ച നടന്നിരുന്നു.
പഴയ തറവാട് വീടുകളിലും വിലപിടിപ്പുള്ള അടുക്കള പ്പാത്രങ്ങൾ സൂക്ഷിക്കുന്ന കെട്ടിടങ്ങളിലുമാണ് സംഘം മോഷണം നടത്താറുള്ളത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുപ്പടികളും ചാക്കുകളിലാക്കി കോടഞ്ചേരി മഠത്തിൽ ക്ഷേത്രപരിസരത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാട്ടിൽ ഒളിച്ചിരുന്ന സംഘത്തിലെ മറ്റു രണ്ടുപേരെയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും വടകരയിലാണ് താമസമെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.