പച്ച സിഗ്നലിന് പകരം മഞ്ഞയാക്കി; കേബിൾ മുറിച്ച റെയിൽവേ ജീവനക്കാരെ കുടുക്കിയത് ഈ 'വൈദഗ്ധ്യം'
text_fieldsകോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീർക്കാൻ സിഗ്നല്‍ കേബിള്‍ മുറിച്ച സംഭവത്തിൽ പ്രതികളായ ജീവനക്കാരെ കുടുക്കിയത് കുറ്റകൃത്യത്തിലെ വൈദഗ്ധ്യം. പച്ച സിഗ്‌നലിന്‍റെ കേബിൾ മുറിച്ചുമാറ്റി പകരം മഞ്ഞ സിഗ്‌നലാക്കിെവക്കുകയാണ് പ്രതികൾ ചെയ്തത്. ട്രെയിൻ കടന്നുപോകാനായി പച്ച സിഗ്നൽ നൽകിയപ്പോൾ തെളിഞ്ഞത് മഞ്ഞ സിഗ്നലായിരുന്നു. ജാഗ്രതാ സൂചന കാണിക്കുന്ന സിഗ്‌നലാണ് മഞ്ഞ സിഗ്‌നൽ.
ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം ടെക്നീഷ്യന്മാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി സ്വദേശി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ മാർച്ച് 24ന് രാവിലെയായിരുന്നു സിഗ്നൽ കേബിളുകൾ മുറിച്ച നിലയിൽ കണ്ടെത്തിയത്.
കേബിൾ മുറിച്ചുമാറ്റി പ്രവർത്തിക്കാതായാൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കൂ. എന്നാൽ, സിഗ്നലുകൾ തമ്മിൽ മാറ്റിയതിനാൽ ഇത് പ്രവർത്തനരഹിതമായില്ല. എന്നാൽ, പച്ചക്ക് പകരം മഞ്ഞ തെളിഞ്ഞതിനാൽ ട്രെയിനുകൾ ഏറെ വൈകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിൽ കേബിള്‍ മുറിച്ചതായി കണ്ടെത്തിയത്. സിഗ്നൽ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. രണ്ടുമണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കിയത്.
റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു കാര്യം വ്യക്തമായിരുന്നു. സിഗ്നൽ സംവിധാനത്തെ കുറിച്ച് വ്യക്തമായ അറിവും പരിശീലനവും ഉള്ളവർക്ക് മാത്രമേ ഇങ്ങനെയൊരു അട്ടിമറി നടത്താനാകൂ. അങ്ങനെയാണ് അന്വേഷണം റെയിൽവേ ജീവനക്കാരിലേക്ക് തന്നെയെത്തുന്നത്. സാക്ഷിമൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താൻ സഹായകമായി.
മദ്യപിച്ചതിന് നടപടിയെടുത്ത മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീർക്കാനായാണ് പ്രതികൾ കേബിളുകൾ മുറിച്ച് സിഗ്നലുകൾ മാറ്റിയത്. മദ്യപിച്ചതിനെത്തുടർന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള വാദങ്ങൾ റെയിൽവേ തള്ളുകയായിരുന്നു. യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും സിഗ്നൽ സംവിധാനം കേടുവരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റം. ആദ്യം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഇവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.