ലക്ഷങ്ങളുടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ
text_fieldsകട്ടപ്പന: അന്തർസംസ്ഥാന ലഹരി മരുന്ന് ഇടപാടുകാരനായ യുവാവിനെ ലക്ഷങ്ങളുടെ ലഹരി മരുന്നുകളുമായി വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ വടക്കേ കോമളശ്ശേരിൽ അർജുൻ ഹരിദാസാണ് ( 25 ) അറസ്റ്റിലായത്. ഇയാളിൽനിന്ന് മാരകലഹരി വസ്തുക്കളായ 60 ഗ്രാം എം.ഡി.എം.എ, ഏഴ് എൽ.എസ്.ടി.ഡി സ്‌റ്റാമ്പുകൾ, 25 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. തിങ്കളാഴ്ച അർധരാത്രിയോടെ പുളിയൻമലയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് ആവശ്യക്കാരെന്ന വ്യാജേന ബംഗളൂരുവിൽനിന്ന് യുവാവിനെ വിളിച്ചുവരുത്തി പുളിയൻമലയിൽവെച്ച് പിടികൂടുകയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തിയിരുന്ന അർജുൻ തന്റെ ഇടനിലക്കാരെ ഉപയോഗിച്ചു കേരളത്തിൽ വൻ തോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു.
ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വണ്ടൻമേട് പഞ്ചായത്ത് അംഗം ഉൾപ്പെട്ട കേസിലെ മറ്റ് പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സുഹൃത്തും ഇടനിലക്കാരനുമായ ആളെ ചോദ്യം ചെയ്തതിൽനിന്നാണ് അർജുനെക്കുറിച്ച് പൊലീസ് ഇൻസ്പെക്ടർ വി.എസ്. നവാസിന് വിവരം ലഭിച്ചത്.
എസ്.ഐമാരായ എബി ജോർജ്, ജയ്സ് ജേക്കബ്, സി.പി.ഒമാരായ ഷിബുമോൻ, ടിനോജ് എന്നിവരും ജില്ല നാർകോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ മഹേശ്വരൻ, ടോം സ്കറിയ, റാൾസ് സെബാസ്റ്റ്യൻ, ജോബി തോമസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.