ഇന്ധനം കഴിയും വരെ ഓടിക്കും, ശേഷം ഉപേക്ഷിക്കും; മുനീബ് മുമ്പും മോഷണക്കേസിൽ പ്രതി
text_fieldsകോട്ടക്കൽ: മലപ്പുറത്തുനിന്ന് കവർന്ന കാറുമായി കോഴിക്കോട്ട് പിടിയിലായ വള്ളിക്കുന്ന് ചുള്ളിയിൽ മുനീബ് (29) മുമ്പും മോഷണക്കേസിൽ പ്രതി.ദേശീയപാത കടന്നുപോകുന്ന ചങ്കുവെട്ടി ജങ്ഷനിലെ റസ്റ്റോറൻറിൽനിന്ന് പാർക്ക് ചെയ്യാൻ താക്കോൽ വാങ്ങി കാറുമായി കടന്ന പ്രതിയെ കോഴിക്കോട് കോതി-ബീച്ച് റോഡിൽ വെച്ചാണ് പട്രോളിങ്ങിലുള്ള ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്.
ഭക്ഷണം കഴിക്കാനെത്തിയവരുടെ വാഹനം മാറ്റിയിടാമെന്ന വാഗ്ദാനവുമായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് ഉടമ താക്കോൽ കൈമാറുകയായിരുന്നു. രണ്ടു ദിവസം മുമ്പ് റസ്റ്റോറൻറിൽ ജോലിക്കെത്തിയ പ്രതിക്കെതിരെ 2018ൽ മാത്രം അഞ്ച് കേസുകളുണ്ട്. കസബ, ഫേറാക്ക്, ഗുരുവായൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ ബൈക്കുകൾ മോഷ്ടിച്ച കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ ഇന്ധനം കഴിയും വരെ ഓടിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമാണ് പതിവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ഉടമ ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ വാഹനം കാണാത്തതിനാൽ ഹോട്ടലിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാരൻ കാറുമായി കടന്നത് കണ്ടെത്തിയത്. െക.എൽ-55 എസ്. 6300 നമ്പർ ഹോണ്ട ജാസ് കാർ മോഷണം പോയതായും കണ്ടാൽ കസ്റ്റഡിയിലെടുക്കണമെന്നും കൺട്രോൾ റൂമിൽനിന്ന് വയർെലസിൽ പട്രോളിങ്ങിലുള്ള പൊലീസുകാർക്ക് വിവരം ലഭിച്ചതിനാലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടിക്കാനായത്. ഇതോടെയാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.കെ. ശ്രീകുമാറും എസ്.സി.പി.ഒ രാമചന്ദ്രനും സി.പി.ഒമാരായ ഷാജി, ബാബു എന്നിവരും കോതി-ബീച്ച് റോഡ് ഭാഗങ്ങളിൽ പട്രോളിങ് നടത്തവേ കാർ കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. തുടർന്ന് പ്രതിയെ കോട്ടക്കൽ പൊലീസിന് കൈമാറി. കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ വിവേകാണ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ഷാജു, സുരേന്ദ്രൻ, സി.പി.ഒമാരായ അജീഷ്, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.