ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു
text_fieldsആറാട്ടുപുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ്(34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.
ആറാട്ടുപുഴ തറയിൽ കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഇവർ തമ്മിൽ ഒന്നര കൊല്ലമായി പിണങ്ങി കഴിയുകയാണ്. നാല് വയസുള്ള മകനുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പം ആയിരിക്കും. ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏൽപ്പിക്കാനാണ് തറയിൽ കടവിലെ ഭാര്യവീട്ടിൽ ചൊവ്വാഴ്ച വിഷ്ണു എത്തിയത്. തുടർന്ന് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവിനെ മാരകമായി മർദിച്ചതായാണ് പറയപ്പെടുന്നത്. മർദനമേറ്റ് വിഷ്ണു കുഴഞ്ഞുവീണു. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇയാൾ ഹൃദ്രോഗിയാണെന്നാണ് അറിയുന്നത്. മർദനം ഏറ്റാണ് വിഷ്ണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന്റെ പേരിൽ മൂന്നു പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.