സ്കൂട്ടർ യാത്രക്കാരികളെ യുവാവ് മർദിച്ച സംഭവം: പൊലീസ് അനാസ്ഥയെന്ന് പരാതി
text_fieldsതേഞ്ഞിപ്പലം: സ്കൂട്ടർ യാത്രികരായ യുവതികളെ യുവാവ് റോഡിൽ കാർ വിലങ്ങിട്ട് തടഞ്ഞ് മർദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. യുവതികളുടെ പരാതി പ്രകാരം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനെതിരെ കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളും സഹോദരികളുമായ കെ. അംന, കെ. അസ്ന എന്നിവരുടെ പരാതിപ്രകാരമാണ് കേസ്.
ഏപ്രിൽ 16ന് യുവതികൾ കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ പാണമ്പ്രയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലൂടെ എത്തിയതിന് യുവതികൾ പ്രതികരിച്ചിരുന്നു. നിരവധി തവണ യുവാവ് മുഖത്ത് അടിച്ചതായി യുവതികൾ പറഞ്ഞു. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഇതുവഴി പോയ യാത്രക്കാർ പകർത്തിയ ദൃശ്യം വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എഫ്.ഐ.ആർ രേഖപ്പെടുത്തുന്നതിലുൾപ്പെടെ പൊലീസ് വീഴ്ച വരുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ പരാതിക്കാരായ യുവതികളെ നേരിൽ കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നാണ് തേഞ്ഞിപ്പലം പൊലീസ് പറയുന്നത്.
കർശന നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ
തേഞ്ഞിപ്പലം: ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എം. ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി. അബ്ദുൽ വാഹിദ്, ജില്ല കമ്മറ്റി അംഗം എ. വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. മർദനത്തിനിരയായവരുടെ വീട് സെക്രട്ടറി പി.വി. അബ്ദുൽ വാഹിദ്, പ്രസിഡന്റ് എം. ബൈജു, മേഖല ഭാരവാഹികളായ കിരൺ പാലക്കണ്ടി (സെക്ര), രഞ്ജിത്ത് (പ്രസി), പരപ്പനങ്ങാടി നഗരസഭ കൗൺസിലർ മമ്മിക്കകത്ത് ഷമീർ എന്നിവർ സന്ദർശിച്ചു.
മഹിളാസംഘം പ്രതിഷേധിച്ചു
തേഞ്ഞിപ്പലം: പൊലീസിന്റെ നിരുത്തരവാദിത്ത സമീപനത്തിൽ മഹിളാസംഘം പ്രതിഷേധിച്ചു. പെൺകുട്ടികൾക്ക് എല്ലാവിധ നിയമസഹായവും പിന്തുണയും നൽകുമെന്നും വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.