കർഫ്യൂവിനിടെ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
text_fieldsഅമ്പലപ്പുഴ: പുതുവർഷത്തലേന്ന് കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ മത്സ്യത്തൊഴിലാളിയായ യുവാവിന് പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബുവിനെയാണ് (29) പുന്നപ്ര പൊലീസ് മർദിച്ചത്. പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുന്നതിനിടെ വീണാണ് യുവാവിന് പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ഡിസംബർ 31ന് രാത്രി 9.30നാണ് സംഭവം. ബൈക്കിൽ സഹോദരിയെ ഭർതൃവീട്ടിലാക്കാൻ പോയപ്പോഴും മടങ്ങിയപ്പോഴും പൊലീസ് കൈകാണിച്ചെങ്കിലും അമൽ നിർത്തിയില്ല. മുന്നോട്ടുപോയപ്പോൾ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയെന്ന് അമൽബാബു പറഞ്ഞു. വഴിയിൽ വളഞ്ഞിട്ട് പൊലീസുകാർ അടിക്കുകയും മൊബൈൽഫോൺ നശിപ്പിച്ചതായും പരാതിയുണ്ട്. ഐഫോൺ വാങ്ങിയ പൊലീസ് ജിപ്പിലടിച്ച് പൊട്ടിച്ചു. മദ്യപിച്ചതിന് വൈദ്യപരിശോധനക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പൊലീസ് ഭീഷണിയെ തുടർന്ന് ഇരുചക്രവാഹനത്തിൽനിന്ന് വീണതാണെന്ന് ഡോക്ടറോട് പറയേണ്ടി വന്നു.
ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാൽമുട്ടിന് പരിക്കേറ്റിട്ടും ചികിത്സനല്കാന് തയാറായില്ല. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തശേഷം അമലിനെ പിറ്റേന്ന് ആൾജാമ്യത്തിലാണ് വിട്ടത്. പിതാവ് പ്രകാശ്ബാബു സി.പി.എം നീർക്കുന്നം ബി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അതിനാൽ മകനെ പൊലീസ് മർദിച്ചവിവരം പുറത്തുപറഞ്ഞില്ല.
തിങ്കളാഴ്ച രാവിലെ കാലിൽ നീരുവന്ന് ജോലിക്ക് പോകാൻ കഴിയാതെവന്നതോടെ ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. കർഫ്യൂവിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനക്കിടെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചപ്പോൾ വീണാണ് യുവാവിന് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്ത് വിട്ടയച്ചു. അതേസമയം, മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.