കത്തിയ ഓട്ടോയിൽ യുവാവിന് പൊള്ളലേറ്റ സംഭവം; രണ്ടു യുവാക്കൾ കസ്റ്റഡിയിൽ
text_fieldsകൊട്ടിയം: ദുരൂഹസാഹചര്യത്തിൽ യുവാവിനെ പൊള്ളലേറ്റ നിലയിലും ഓട്ടോറിക്ഷ കത്തിയ നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമയനല്ലൂർ മാടച്ചിറ സ്വദേശികളായ ഷഫീക്ക് (36), അഹമ്മദ് തുഫൈൽ(29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോയിൽ പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട മാടച്ചിറ സ്വദേശി റിയാസിന്റെ (36) മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. ഉമയനല്ലൂർ മാടച്ചിറ വയലിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. റിയാസിനെ പൊള്ളലേറ്റ നിലയിൽ കാണപ്പെടുകയായിരുന്നു. ഇയാൾ കൊല്ലത്തു നിന്ന് ഓട്ടം വിളിച്ചു കൊണ്ടുവന്ന ഓട്ടോയാണ് കത്തിയത്.
ഓട്ടോ മാടച്ചിറയിൽ രണ്ടു പേർ തടഞ്ഞു നിർത്തി റിയാസുമായി വാക്കേറ്റം നടന്നുകൊണ്ടിരിക്കെ തീ പിടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ മുജീബ് പറയുന്നത്. പൊള്ളലേറ്റ റിയാസിനെ ജില്ല ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മത്സ്യകച്ചവടം സംബന്ധിച്ച് പിടിയിലായ മാടച്ചിറ സ്വദേശികളുമായി ഇയാൾക്ക് പണമിടപാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. കുറച്ചു ദിവസമായി സ്ഥലത്തില്ലാതിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പിടിയിലായവരെ കൊട്ടിയം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഫോറൻസിക് സംഘത്തിന്റെ പരിശോധനാ ഫലം ലഭിച്ചെങ്കിലെ എന്താണ് തീവെക്കാൻ ഉപയോഗിച്ചതെന്ന് അറിയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.