യുവാവിനെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി
text_fieldsപത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ തിരുവല്ല പൊലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. തിരുവല്ല പാലിയേക്കര കുരിശുകവലക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ വീട്ടിൽ രാഹുൽ മനോജിനെയാണ് (26) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
ഇത് മൂന്നാം തവണയാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവാകുന്നത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ )വകുപ്പ് 3(1) പ്രകാരമാണ് നടപടി.
കാപ്പ വകുപ്പ് 2(p)(ii) പ്രകാരം ‘അറിയപ്പെടുന്ന റൗഡി’ ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. ജില്ല പൊലീസ് മേധാവിയുടെ ശുപാർശയിൻമേൽ കലക്ടറുടെ ഉത്തരവിനെതുടന്നാണ് നടപടി. 2018 മുതൽ നിരന്തരം വിവിധ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടുവരികയാണ് ഇയാൾ. തിരുവല്ല, പുളിക്കീഴ്, കീഴ്വായ്പൂര്, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഈ കാലയളവിൽ ഇയാൾക്കെതിരെ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13 എണ്ണത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതും, മൂന്നുകേസുകൾ അന്വേഷണാവസ്ഥയിലുമാണ്.
മുഴുവൻ കേസുകളും കാപ്പ നിയമപ്രകാരമുള്ള നടപടിക്കായി ശിപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022, ’23 വർഷങ്ങളായി ഇയാൾക്കെതിരെ രണ്ടു തവണ യഥാക്രമം ആറുമാസം- ഒരു വർഷം എന്നിങ്ങനെ കരുതൽതടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായി കോടതിയുടെ ബോണ്ട് വ്യവസ്ഥ ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ടും സമർപ്പിച്ചു.
വീട് കയറി ആക്രമണം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് ഉപയോഗം, അടിപിടി, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, വാഹനം നശിപ്പിക്കൽ, കൊലപാതക ശ്രമം, മുഖത്ത് സ്പ്രേ അടിച്ച് ആക്രമണം, സ്ത്രീകൾക്കെതിരായ ആക്രമണം, മോഷണം, കുപ്പിയിൽ പെട്രോൾ നിറച്ച് ആക്രമണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കൊപ്പം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിൻ അലക്സാണ്ടർ, സുജുകുമാർ, അനീഷ് കെ. എബ്രഹാം, ലിബു രാജേന്ദ്രൻ, സ്റ്റാൻ വർഗീസ്, സ്റ്റോയ് വർഗീസ്, ദീപു മോൻ എന്നിവർക്കെതിരെയും മുമ്പ് തിരുവല്ല പൊലീസ് കാപ്പ പ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.