തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെടുത്തു
text_fieldsഒറ്റപ്പാലം (പാലക്കാട്): ലഹരി ഇടപാടിലെ തുക വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന ശേഷം കുഴിച്ചുമൂടിയതായി യുവാവിന്റെ മൊഴി. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. മോഷണക്കേസിൽ പട്ടാമ്പി പൊലീസിന്റെ പിടിയിലായ പാലപ്പുറം ഐക്കലപറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിന്റെ (25) മൊഴിയെത്തുടർന്ന് നടന്ന തെളിവെടുപ്പിലാണ് സുഹൃത്ത് ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിന്റെ (24) മൃതദേഹം കണ്ടെടുത്തത്.
ഡിസംബർ 17ന് നടന്ന കൊലപാതകത്തിനാണ് ഇതോടെ ചുരുളഴിഞ്ഞത്. 2015ൽ ഓങ്ങല്ലൂരിലെ മൊബൈൽ കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യവേ ഈ കേസിലെ കൂട്ടുപ്രതിയായ ആഷിഖിനെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് തുമ്പില്ലാതെ പോകുമായിരുന്ന കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ സഹായകമായത്. തുടർന്ന് അന്വേഷണ സംഘം പ്രതിയുമായെത്തി നടത്തിയ പരിശാധനയിലാണ് അഴുകിയ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. പാലപ്പുറം ചിനക്കത്തൂർകാവ് പരിസരത്തെ അഴിക്കലപ്പറമ്പ് പ്രദേശത്ത് മുളഞ്ഞൂർ തോടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൊഴി ശരിയാണെന്ന് കണ്ടെത്തിയെങ്കിലും മൃതാവശിഷ്ടങ്ങൾ ആഷിഖിന്റേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന കൂടി നടത്തണമെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 17 മുതൽ ആഷിഖിനെ കാണാതായെന്നും പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവശേഷം ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് പെട്ടി ഓട്ടോയിൽ കയറ്റിയാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹമെത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. ആഷിഖും ഫിറോസും മറ്റ് കേസുകളിലും പ്രതികളാണ്. മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുള്ളതായും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.