നഗരത്തിൽ വീണ്ടും 'മരണസ്റ്റണ്ടിങ്ങു'മായി യുവാക്കൾ
text_fieldsകോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ ഒരിടവേളക്കുശേഷം യുവാക്കളുടെ മരണ സ്റ്റണ്ടിങ്. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സ്റ്റണ്ടർമാരായ യുവാക്കൾ, രക്ഷപ്പെടലിന്റെ വിഡിയോയും പകർത്തി. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ബി.ജി.എം ചേർത്ത് ആഘോഷമാക്കുകയാണ് യുവാക്കളുടെ സംഘം.
കഴിഞ്ഞദിവസം ഈരയിൽക്കടവ് റോഡിലുണ്ടായ സംഭവങ്ങളാണ് യുവാക്കളുടെ സംഘം സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. ഈരയിൽക്കടവ് റോഡിൽ ബൈക്ക് യാത്രക്കാരായ യുവാക്കളുടെ സംഘം നിരന്തരം സ്റ്റണ്ടിങ് നടത്തിയിരുന്നു.
ഇതേതുടർന്ന് അപകടവും ഇവിടെ പതിവായിരുന്നു. നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും ഇവിടെ പരിശോധന കർശനമാക്കിയിരുന്നു.
ഇതോടെ സ്റ്റണ്ടിങ് സംഘങ്ങൾ ഈരയിൽക്കടവിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ഈരയിൽക്കടവിൽ വീണ്ടും സ്റ്റണ്ടിങ് സംഘം എത്തിയത്. ഇവർ ഈരയിൽക്കടവിൽ ബൈക്ക് അമിതവേഗത്തിൽ ഓടിക്കുകയും വീൽ ചെയ്യുന്നതും അടക്കമുള്ള വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതേതുടർന്ന് കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇതിനുശേഷം ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് വട്ടംവെച്ച് ഇവരെ പിടികൂടാൻ പൊലീസ് സംഘം ശ്രമിച്ചു.
എന്നാൽ, പൊലീസ് വാഹനത്തെ വെട്ടിച്ച് യുവാക്കൾ കടക്കുകയായിരുന്നു. ഇവരുടെ മുന്നിലിരുന്ന ബൈക്കിലെ യാത്രക്കാരാണ് വിഡിയോ പകർത്തിയത്.
ഈ വിഡിയോ ഇപ്പോൾ പുറത്തുവിട്ട് 'പൊലീസിനെ വെട്ടിച്ചുപോരുന്നത് ഹീറോയിസമാണ്' എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.