യുവാവിനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമം: ഒരാള്‍കൂടി പിടിയില്‍
text_fieldsകൊണ്ടോട്ടി: പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിലാക്കി മാരകമായി മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പള്ളിക്കല്‍ സ്വദേശി അത്താണിക്കല്‍ അബ്ദുല്‍ റസാഖിനെയാണ് (45) കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യ പ്രതിയടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവർ നാലായി.
കഴിഞ്ഞ ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ യുവാവിനെ പള്ളിക്കലിലെ വീട്ടില്‍നിന്ന് രാത്രി തട്ടിക്കൊണ്ടുപോയി കരിപ്പൂരിലെ എസ്.ഡി.പി.ഐ നേതാവായ ആനപ്ര ഫൈസലിന്റെ വീട്ടില്‍ എത്തിച്ച് നഗ്നനാക്കി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചതായാണ് കേസ്. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കുകയും പിന്നീട് പുലര്‍ച്ച മാരകമായി പരിക്കേറ്റ യുവാവിനെ പള്ളിക്കലിലെ വീട്ടില്‍ ഉപേക്ഷിക്കുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഈ മാസം എട്ടിന് വീണ്ടും മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ കാരണങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ആനപ്ര ഫൈസല്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കേന്ദ്ര ഏജസികളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോയതിനും ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിനും മറ്റു രണ്ട് കേസുകള്‍ തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഡിവൈ.എസ്.പി കെ. അഷറഫിന്റെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, എസ്.ഐ ദിനേശന്, എ.എസ്.ഐ രവി എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.