ജ്വല്ലറിയിൽനിന്ന് ആഭരണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsഫറോക്ക്: ആഭരണം വാങ്ങാനെന്നപേരിൽ എത്തി ചുങ്കത്തെ മുഹബത്ത് ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം ചേളാരി കോന്തേടത്ത് സൽമാൻ ഫാരിസ് (23) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 30ന് വൈകീട്ട് 6.45നാണ് യുവാവ് കടയിൽ എത്തിയത്.
ആഭരണങ്ങൾ ഒന്നൊന്നായി നോക്കിയ യുവാവ് സെയിൽസ്മാന്റെ കണ്ണ് വെട്ടിച്ച് മൊബൈൽ ഫോണിന്റെ അടിയിലേക്ക് ആഭരണം ഒളിപ്പിക്കുന്നത് കാമറയിൽ പതിഞ്ഞിരുന്നു. ഇയാൾ 1.07 പവൻ തൂക്കമുള്ള ആഭരണം അപഹരിച്ചായിരുന്നു കടന്നത്. മാസ്ക് ധരിച്ച് എത്തിയ യുവാവ് കുറെയേറെ സ്വർണാഭരണം മോഡൽ നോക്കി ഫോട്ടോ എടുത്തെങ്കിലും വാങ്ങാതെ പോയി.
രാത്രി ജ്വല്ലറിയിലെ കണക്കുകൾ ഒത്തുനോക്കിയതിൽ ആഭരണത്തിൽ കുറവ് വന്നതിനെ തുടർന്ന് ജ്വല്ലറി ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മാസ്ക് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തുന്ന ദൃശ്യം കണ്ടത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഉടമ നൽകിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. എസ്.ഐ വി.ആർ. അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.