70 ചാക്ക് പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ
text_fieldsഷൊർണൂർ: കുളപ്പുള്ളി ടൗണിനോട് ചേർന്ന വീട്ടിൽനിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. എഴുപതോളം വലിയ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന ഹാൻസ് അടക്കമുള്ള ഉൽപന്നങ്ങൾക്ക് ആറ് ലക്ഷം രൂപ വിലമതിക്കും. ഇവ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന ഓട്ടോയുമായി വല്ലപ്പുഴ ഓടുപാറക്കുഴിയിൽ കബീർ (35) എന്നയാളെയും പിടികൂടിയിട്ടുണ്ട്.
പട്ടാമ്പി എക്സൈസും ഷൊർണൂർ പൊലീസുമായി സഹകരിച്ചു നടത്തിയ റെയ്ഡിലാണ് ഓട്ടോയിൽ കടത്താനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. കുളപ്പുള്ളി ജങ്ഷനിൽനിന്ന് എസ്.എൻ ട്രസ്റ്റ് കോളജിലേക്കുള്ള റോഡരികിലെ വീട് പരിശോധിച്ചപ്പോഴാണ് വൻ ശേഖരം കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, പ്രിവന്റിവ് ഓഫിസർമാരായ സൽമാൻ റൊസാലി, കെ. നന്ദകുമാർ, ഗ്രേഡ് പി.ഒമാരായ പ്രസന്നൻ, ദേവകുമാർ, ഷൊർണൂർ എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലെ പൊലീസുമാണ് റെയ്ഡ് നടത്തിയത്.
അട്ടപ്പാടിയിൽ ചന്ദനവുമായി അഞ്ചുപേർ പിടിയിൽ
അഗളി: അട്ടപ്പാടി ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മരപ്പാലം സെക്ഷനിൽ വാഹന പരിശോധനക്കിടെ അഞ്ചുപേർ പിടിയിൽ. പട്ടാമ്പി സ്വദേശി ശിഹാബുദ്ദീൻ (25), വല്ലപ്പഴ സ്വദേശി സാദിക്കലി (25), ഷോളയൂർ കീരിപ്പതി സ്വദേശികളായ പ്രവീൺകുമാർ, കാളിദാസൻ, പുളിയപ്പതി സ്വദേശി ഭദ്രൻ എന്നിവരാണ് പിടിയിലായത്. 20 കിലോ ചന്ദനവും കാറും ബൈക്കും പിടികൂടി.
പുളിയപ്പതി സ്വദേശി ധനലക്ഷ്മി, മക്കരപ്പറമ്പ് സ്വദേശി റജീഷ് അലി എന്നിവർ ഓടിമറഞ്ഞതായി വനപാലകർ പറഞ്ഞു. അഗളി റേഞ്ച് ഓഫിസർ ബിജു, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയചന്ദ്രൻ, മരപ്പാലം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വൈ. ഫെലിക്സ്, ബി.എഫ്.ഒമാരായ എൻ. തോമസ്, ജയേഷ് സ്റ്റീഫൻ, ആർ.എഫ്.ഡബ്ല്യുമാരായ അൻപരസി, രങ്കമ്മാൾ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.