പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsമണിമല: ഷാപ്പ് മാനേജരെ ആക്രമിച്ച് സ്വർണവും പണവും കവരുകയും ചോദിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കരിക്കാട്ടൂർ കളക്കാലിൽ വീട്ടിൽ കെ.ജി. മാത്യുവിനെയാണ് (35) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോഡ്രൈവര്‍ കൂടിയായ ഇയാൾ മണിമല വളയം ഭാഗത്തെ കള്ളുഷാപ്പിൽ എത്തുകയും കഴിച്ചശേഷം ബില്ല് അടക്കാതിരുന്നത് ചോദ്യം ചെയ്ത ഷാപ്പ് മാനേജരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ഇയാളുടെ പോക്കറ്റിൽ കിടന്ന പണവും കഴുത്തിലെ മാല പൊട്ടിച്ച് കൈയിൽകിട്ടിയ ലോക്കറ്റുമായി ഓട്ടോയിൽ കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഇയാളെ പിന്തുടർന്ന് പതാലിപ്ലാവ് ഭാഗത്തുവെച്ച് പിടികൂടുകയും കവര്‍ച്ചയെക്കുറിച്ച് ചോദിക്കുന്നതിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും യൂനിഫോം വലിച്ചുകീറുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. അക്രമാസക്തനായ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. മണിമല എസ്.ഐ അനില്‍കുമാര്‍, സന്തോഷ് കുമാർ.എൻ, സി.പി.ഒമാരായ ടോമി സേവ്യര്‍, ഹരീഷ് കെ.ഗോപി, സജിത് കെ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ അഫ്സൽ ഹക്കീം (25) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപവാസിയായ യുവാവിനെയാണ് ഇയാൾ കമ്പിവടി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അഫ്സലിന് യുവാവിനോടുണ്ടായിരുന്ന മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയും ചെയ്തു. ഈരാറ്റുപേട്ട, കടുത്തുരുത്തി, മേലുകാവ്, പാലാ, കറുകച്ചാൽ സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ അഫ്സൽ പ്രതിയാണ്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ വിഷ്ണു വി.വി, അംശു പി.എസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.