പൊലീസുകാരെ ആക്രമിച്ച യുവാക്കള്‍ പിടിയില്‍
text_fieldsശക്തികുളങ്ങര: ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ തടഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പിച്ച് ജോലി തടസ്സപ്പെടുത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. ചവറ സുഷമ ഭവനില്‍ മനോജ് (34), കാവനാട് മീനത്തുചേരി ഇന്ദിരാ ഭവനില്‍ വിഷ്ണു (33), നീണ്ടകര മാമന്‍തുരുത്ത് ലാലു ഭവനില്‍ സുനിൽ (38) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പിലെത്തിയ സംഘം ബൈക്കില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാത്തതിനാല്‍ പമ്പ് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. ഈ സമയം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രാളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പെട്രോള്‍ പമ്പിനുസമീപമെത്തിയപ്പോള്‍ പ്രതികള്‍ പമ്പ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ജീവനക്കാരനെ അസഭ്യം പറയുന്നതും ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന് പ്രശ്‌നത്തിലിടപ്പെട്ട പൊലീസുകാരെ മദ്യലഹരിയിലായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫിസർ ദീപക്കിന്‍റെ വലതു കൈക്കും കാലിനും പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റത്തിന് ഇവര്‍ക്കെതിരെ ശക്തികുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനക്കായി ജില്ല ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരെ ഉപദ്രവിച്ചതിനും ഉപകരണങ്ങള്‍ നശിപ്പിച്ചതിനും പ്രതിയായ മനോജിനെതിരെ പി.ഡി.പി.പി ആക്ട് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അസി. കമീഷണര്‍ ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജു., എസ്.ഐ ആശ, ജി.എസ്.ഐ. സലീം, എ.എസ്.ഐ ഡാര്‍വിന്‍, സി.പി.ഒ രാജേഷ്, ദീപക് എന്നിവരുള്‍പ്പെട്ട സംഘമാണ് മൂവരെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.