ഉടമയെ ആക്രമിച്ച് സ്‌കൂട്ടറുമായി കടന്ന യുവാക്കൾ പിടിയില്‍
text_fieldsകറുകച്ചാല്‍: ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം തട്ടിയെടുത്ത സ്‌കൂട്ടറുമായി കറുകച്ചാലിലെത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഒന്നരയോടെ നീറികാട്-ഗൂര്‍ഖണ്ഡസാരി റോഡിലായിരുന്നു സംഭവം. അയര്‍ക്കുന്നം ഗൂര്‍ഖണ്ഡസാരി സന്തോഷ് ഭവനില്‍ ഡെന്നീസ് ജോസഫ് (51) സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് നിൽക്കവെ ഷിനുവും അനന്ദുവും ചേര്‍ന്ന് ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചശേഷം വാഹനവുമായി കടന്നു. ഡെന്നീസ് ചികിത്സയിലാണ്. വാഹനത്തിന്‍റെ നമ്പറും കണ്ണാടികളും മാറ്റി.
സ്‌കൂട്ടറുമായി കറുകച്ചാൽ ബിവറേജസിന് സമീപമെത്തിയ ഇവര്‍ ചെറിയ വിലക്ക് നല്‍കാമെന്നുപറഞ്ഞു. സംശയം തോന്നിയ ഒരാള്‍ വിവരം കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. നേരത്തേതന്നെ സ്‌കൂട്ടര്‍ നഷ്ടമായ വിവരം അയര്‍ക്കുന്നം പൊലീസ് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. സ്‌കൂട്ടര്‍ വാങ്ങാമെന്ന് പറഞ്ഞ് പൊലീസ് ഇവരെ കറ്റുവെട്ടി ഭാഗത്തേക്കുവരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അനന്ദുവിന്‍റെ പേരില്‍ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ ഋഷികേശന്‍ നായര്‍, എസ്.ഐ എ.ജി. ഷാജന്‍, റെജി ജോണ്‍, പി.ടി. ദയാലു, അന്‍വര്‍ കരീം, വിനീത് ആര്‍. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.