മയക്കുമരുന്ന് ഗുളികകളുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: ഓണാഘോഷവും കോളജ് വിദ്യാർഥികളെയും ലക്ഷ്യമാക്കി ഓട്ടോറിക്ഷയിൽ മയക്കുമരുന്ന് ഗുളികയുമായി വന്ന യുവാക്കളെ ചങ്ങനാശ്ശേരി മന്ദിരം കവലയിൽ കോട്ടയം എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏറ്റുമാനൂർ തെള്ളകം സ്വദേശി കാട്ടുക്കുന്നേൽ രഞ്ചു ചാക്കോ (31), പെരുമ്പായിക്കാട് സ്വദേശി ചിറ്റിനിക്കാലായിൽ ലിജുമോൻ ജോസഫ് (33) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡ് ചെയ്തു.
ഡോക്ടറുടെ പ്രത്യേക കുറിപ്പിെൻറ അടിസ്ഥാനത്തിൽ മാനസിക രോഗികൾക്ക് വിതരണം ചെയ്യുന്ന മാരകശേഷിയുള്ള ൈനട്രാസെപാം 100 ഗുളികകളാണ് പിടികൂടിയത്. ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ആറ് രൂപ വിലയുള്ള ഗുളിക സ്കൂൾ, കോളജ് കുട്ടികൾക്ക് 100 രൂപക്കാണ് വിൽപന നടത്തുന്നത്. എക്സൈസ് ഷാഡോ ടീം അംഗങ്ങളായ മാമ്മൻ ശാമുവൽ, പി.ആർ. രതീഷ് എന്നിവർ ആഴ്ചകളായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.
ഫേസ്ബുക്കിൽ പരിചയപ്പെട്ട മെഡിക്കൽ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയത് എന്നാണ് ഇവർ പറഞ്ഞത്. ഇതിന് പിന്നിലുള്ളവരെ ഉടൻ പിടികൂടുമെന്ന് അധികൃതർ പറഞ്ഞു. ഒരു ഗുളിക കഴിച്ചാൽ ഏഴുമണിക്കൂർ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയിൽ പിടിക്കപ്പെടുകയില്ല എന്നതുകാരണം വിദ്യാർഥികൾ വ്യാപകമായി ൈനട്രാസെപാം ഉപയോഗിച്ചുവരുന്നുണ്ട്. തുടർച്ചയായ ഉപയോഗം പ്രത്യുൽപാദനശേഷി തകരാറിലാക്കുകയും മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്യും. ചങ്ങനാശ്ശേരിയിൽനിന്ന് കഴിഞ്ഞയാഴ്ച 15 കിലോ കഞ്ചാവും ഹോണ്ട ജാസ് കാറും പിടികൂടിയിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എം.സൂരജ്, സി.ഇ.ഒമാരായ രാജീഷ് പ്രേം, അഞ്ചിത് രമേശ്, പ്രവീൺ പി. നായർ, പ്രിവൻറിവ് ഓഫിസർമാരായ സുരേഷ് എസ്, സന്തോഷ് കുമാർ. ബി, രാജീവ്.കെ, ഇൻസ്പെക്ടർ അമൽ രാജൻ, ഡ്രൈവർ അനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.