കുത്തേറ്റ് യുവാവിന്റെ മരണം: ആറ് പ്രതികളെയും വെറുതെവിട്ടു
text_fieldsആലപ്പുഴ: മുൻവൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ ആറ് പ്രതികളെയും കോടതി വിട്ടയച്ചു. ഹരിപ്പാട് പിലാപ്പുഴ സ്മരണവീട്ടിൽ പങ്കജാക്ഷൻ പിള്ളയുടെ മകൻ രൂപക് (24) കുത്തേറ്റ് മരിച്ച കേസിൽ പ്രതികളായ ഹരിപ്പാട് തുലാപ്പറമ്പ് നടുവത്ത് മഹേഷ് (35), ഉണ്ണിക്കുട്ടൻ (35), ബാബുക്കുട്ടൻ (49), രാജേഷ് (40), മോഡി പി. തോമസ് (33), സാംസൺ തോമസ് (33) എന്നിവരെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി -3 ജഡ്ജി ആഷ് കെ. ബാൽ വിട്ടയച്ചത്.
2009 ഏപ്രിൽ നാലിന് തൃപ്പക്കുടം-ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ് ചികിത്സയിലിരുന്ന രൂപക് സെപ്റ്റംബർ 27ന് മരിച്ചു. ഒന്നാം പ്രതി മഹേഷിന് രൂപക്കിനോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിചാരണക്കിടെ രണ്ട്, മൂന്ന് സാക്ഷികൾ മരിച്ചതിനെത്തുടർന്ന് ഇവരുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രൂപക്കിന്റെ മാതാവ് നൽകിയ പരാതിയിൽ, വിചാരണ നിർത്തി തുടരന്വേഷണത്തിന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് ഒന്നാം സാക്ഷി ജയകൃഷ്ണന്റെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും രേഖപ്പെടുത്തി.പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, അജിത് ശങ്കർ, എം.ജി. രേഷു, അനസ് അലി, വിഭു എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.