മലയാളികൾ ഉള്ളിടത്തോളം ആശാൻ കവിതകൾക്ക് മരണമില്ല -മന്ത്രി പ്രസാദ്
text_fieldsആലപ്പുഴ: മലയാളികൾ ഉള്ളിടത്തോളം കാലം കുമാരനാശാന്റെ കവിതകൾക്ക് മരണമില്ലെന്ന് മന്ത്രി പി. പ്രസാദ്. മഹാകവി കുമാരനാശാന്റെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂനിയന്റെ നേതൃത്വത്തില്‍ ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ഭദ്രദീപ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആശാൻ കവിതകളിലെ ആശയങ്ങൾക്ക് കൂടുതൽ മൂര്‍ച്ച യിലുള്ള തിളക്കമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശാന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത് ശ്രീനാരായണ ഗുരുദേവനായിരുന്നു. ഗുരുവിന്റെ സന്ദേശങ്ങൾ കവിതകളിലൂടെ അധികാരവർഗത്തിന് മുന്നിൽ എത്തിച്ചു. മഹാകാവ്യം എഴുതാതെ മഹാകവിയായ അത്ഭുത പ്രതിഭയായിരുന്നു സ്നേഹഗായകൻ കുമാരനാശാന്. തന്റെ കവിതകളിലും ഗദ്യസാഹിത്യത്തിലും പ്രസംഗങ്ങളിലും നടത്തിയിട്ടുള്ള ഉജ്ജ്വല പ്രയോഗങ്ങൾ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കി.
പ്രജാസഭയിലെ ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ പ്രസംഗങ്ങളും പ്രബോധനത്തിലെ മുഖപ്രസംഗങ്ങളും സാധാരണ ജനങ്ങളുടെ അവകാശത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കിടങ്ങാംപറമ്പ് സ്റ്റാച്യു ജങ്ഷനിൽ നടന്ന സമ്മേളനത്തിൽ യൂനിയൻ പ്രസിഡന്റ് പി.ഹരിദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.വൈ. സുധീന്ദ്രൻ ആശാൻ ജന്മദിന പ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ എന്നിവര്‍ സംസാരിച്ചു. ആലപ്പി സുരേഷ് കുമാരനാശാൻ കൃതികൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.