ഫോർട്ട്കൊച്ചിയിൽ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയം ഒരുക്കുന്നു
text_fieldsഫോർട്ട്കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചി സന്ദർശനവും സ്വാതന്ത്ര്യസമര ചരിത്രവും ആസ്പദമാക്കി മ്യൂസിയം തയാറാകുന്നു. കൊച്ചിയിലെത്തുന്ന ചരിത്ര വിദ്യാർഥികൾക്ക് അറിവ് പകർന്ന് നൽകുന്നതിന്റെ ഭാഗമായാണ് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി മ്യൂസിയം നിർമാണത്തിന് ഒരുങ്ങുന്നത്. ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്വാതന്ത്ര്യ സമരത്തിന് ആവേശം നൽകിയ സന്ദർശനങ്ങളും കൊച്ചിയിലെ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും കോർത്തിണക്കിയുള്ളതായിരിക്കും പുതിയ മ്യൂസിയം.
സ്വാതന്ത്ര്യസമര സേനാനികളായ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്, കെ.ജെ. ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ ഒഴിവാക്കുക വഴി ഏറെ വിവാദത്തിലകപ്പെട്ട ഫോർട്ട്കൊച്ചിയിലെ ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ എന്ന പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷുകാരുടെ കാലത്തെ ജയിലിലാണ് മ്യൂസിയം നിർമിക്കുക. ഇതിന് പുറമെ നിലവിൽ പ്രവർത്തനം നിലച്ചുകിടക്കുന്ന ഫോക്ലോർ കൾചറൽ തിയറ്റർ സൊസൈറ്റി നേരിട്ട് നടത്താനും ഫോർട്ട്കൊച്ചി വെളിയിൽ ഹെറിറ്റേജ് കവാടം നിർമിക്കാനും തീരുമാനമുണ്ട്. ഫോർട്ട്കൊച്ചിയിലേക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്ന രീതിയിലായിരിക്കും ഈ കവാടം. മട്ടാഞ്ചേരി ഗുജറാത്തി റോഡിന്റെ പൈതൃകം അടയാളപ്പെടുത്തി സന്ദർശകർക്ക് കാണാവുന്നവിധം പ്രദർശിപ്പിക്കും.
വിവിധ ഇൻസ്റ്റലേഷനുകളുടെ സഹായത്തോടെയായിരിക്കും ഈ രേഖപ്പെടുത്തലുകൾ മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ നിർമിക്കുക. കലക്ടർ ഡോ. രേണുരാജ്, കെ.ജെ. മാക്സി എം.എൽ.എ, സബ് കലക്ടർ പി. വിഷ്ണുരാജ്, മേയർ എം. അനിൽകുമാർ, സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് എന്നിവരും സൊസൈറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.