പടന്നക്കാട് കാർഷിക കോളജിൽ പൈതൃക മ്യൂസിയം ഒരുങ്ങുന്നു
text_fieldsനീലേശ്വരം: കൃഷിയും കലയും സംസ്കാരവും സംയോജിപ്പിച്ച് പടന്നക്കാട് കാർഷിക കോളജിൽ പൈതൃക മ്യൂസിയം ഒരുങ്ങുന്നു. കാർഷിക കോളജ് കോമ്പൗണ്ടിനകത്തുള്ള പഴയ ഫാം ഓഫിസ് കെട്ടിടമാണ് നവീകരിച്ച് മ്യൂസിയമാക്കി മാറ്റുന്നത്. 1916 ൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സർക്കാറാണ് പടന്നക്കാട് ഓഫിസ് നിർമിച്ചത്. അന്ന് സങ്കരയിനം തെങ്ങുകൾ വികസിപ്പിക്കാനും ഗവേഷണത്തിനുമായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്.
പിന്നീട് 1972 ൽ കാർഷിക സർവകലാശാല ഏറ്റെടുത്തപ്പോഴാണ് ഫാം ഓഫിസാക്കി മാറ്റിയത്. പുതിയ ഫാം ഓഫിസ് വന്നതോടെ പഴയെ കെട്ടിടം സംരക്ഷിക്കൽകൂടി ലക്ഷ്യമിട്ടാണ് ഇവിടെ പൈതൃക മ്യൂസിയം ഒരുക്കുന്നത്. ഇത് യാഥാർഥ്യമായാൽ പഴമയുടെ നാട്ടറിവ് ശേഖരവും കണ്ടറിയാൻ അവസരം ലഭിക്കും.
പ്രഫ. പി.വി. വൈജയന്തി, കെ.പി. ശിവജി , ഡോ.എൻ. ഷംന എന്നിവരടങ്ങുന്ന കാർഷിക കൊളജിലെ വിദഗ്ധ അധ്യാപകരാണ് ഇതിന്ചുക്കാൻ പിടിക്കുന്നത് ഇതിനായി കൃഷി,സംസ്കാരം, കല എന്നിവയുമായി ബന്ധപ്പെട്ടുള്ള പൈതൃക ശേഖരങ്ങൾ, ചരിത്ര ലേഖനങ്ങൾ, കാർഷിക ഉപകരണങ്ങൾ , പഴമയുമായി ബന്ധപ്പെട്ട മറ്റിനങ്ങൾ എന്നിവ പൊതുജനങ്ങളിൽനിന്ന് സംഭാവനയായി സ്വീകരിക്കുന്നുണ്ട്.
ഇത് സംഭാവനയായി നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ മ്യൂസിയത്തിൽ രേഖപ്പെടുത്തും. ഉത്തരകേരളത്തിന്റെ പൈതൃകത്തെ സംരക്ഷിച്ച് വരുംതലമുറക്ക് പകർന്നു കൊടുക്കാൻ പഴമ തുടിക്കുന്ന വിവിധങ്ങളായ പൈതൃക ശേഖരങ്ങളുടെ കലവറയായി പടന്നക്കാട് കാർഷിക കോളേജ് മ്യൂസിയം മാറും.
നീലേശ്വരം പൈതൃക മ്യൂസിയം കടലാസിൽ; നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജെന്റ ശ്രമവും എങ്ങുമെത്തിയില്ല.
നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് തുടങ്ങുമെന്ന് പറഞ്ഞ നീലേശ്വരം ചരിത്ര –പൈതൃക മ്യൂസിയം എങ്ങുമെത്താതെ കടലാസിൽ ഒരുങ്ങി. നീലേശ്വരം നഗരസഭ 2015 - 2020 എൽ.ഡി.എഫ്. ഭരണസമിതിയാണ് നീലേശ്വരത്ത് ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറക്കിയത്.
ഇതിനായി നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ള മുൻ ട്രൈബ്യൂണൽ ഓഫിസ് പ്രവർത്തിക്കുന്ന പാലസ് കെട്ടിടവും കണ്ടെത്തിയിരുന്നു.
മുൻ ചരിത്ര അധ്യാപകൻ കൂടിയായിരുന്ന നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജന്റെ ശ്രമവും എങ്ങുമെത്താതെ പോയി. എൽ.ഡി.എഫ് സർക്കാറിന്റെ മുൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിലവിലെ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിലും മ്യൂസിയം കെട്ടിടം സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, മ്യൂസിയം മാത്രം തുടങ്ങാൻ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഒരു ഭരണസമിതിക്കും സാധിച്ചില്ല. കെട്ടിടം പാട്ടത്തിനെടുത്ത് ജില്ലയിലെ ആദ്യത്തെ ചരിത്ര പൈ തൃക മ്യൂസിയമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, വർഷം ഏഴ് കഴിഞ്ഞിട്ടും നീലേശ്വരം പൈതൃക മ്യൂസിയം ഫയലിൽ തന്ന കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.