ലൈബ്രറികൾ വായനയുടെ ജനാധിപത്യ വൽകരണത്തിന്റെ ഭാഗമെന്ന് എ.എൻ.ഷംസീർ
text_fieldsതിരുവനന്തപുരം: ലൈബ്രറികൾ വായനയുടെ ജനാധിപത്യ വൽകരണത്തിൻ്റെ ഭാഗമെന്നും എല്ലാ നാട്ടിലും ലൈബ്രറികൾ ഉണ്ടാവണമെന്നും നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ 52 ഗ്രന്ഥശാലകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും മണ്ഡലത്തിലെ യുവ എഴുത്തുകാർക്കുള്ള സ്നേഹാദരവും നിർവഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.
വായന കുറയുന്നു എന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തെളിയിച്ചു. രണ്ടു ലക്ഷത്തിലേറെ പേരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്. എല്ലാ പ്രസാധകരെയും സംതൃപ്തരാക്കിയാണ് നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചത് എന്നും സ്പീക്കർ പറഞ്ഞു.
അക്ഷര മധുരം എന്ന പേരിൽ അരുവിപ്പുറം മഠത്തിൽ നടന്ന പരിപാടിയിൽ പാറശ്ശാല എം.എൽ.എ, സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. കവി പ്രഫ. വി.മധുസൂദനൻ നായർ മുഖ്യാതിഥിയായി. അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ മുഖ്യ സന്ദേശം നൽകി.
പാറശ്ശാല നിയോജക മണ്ഡലത്തിലെ കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് നയിക്കാനായി 'സൂര്യകാന്തി', 'അക്ഷരമധുരം' ഉൾപ്പെടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് സി.കെ ഹരീന്ദ്രൻ എം. എൽ.എ പറഞ്ഞു. 'പരിപാടിയിൽ വിവിധ തദേശഭരണ ജനപ്രതിനിധികൾ, ഗ്രന്ഥശാലാ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.