ഇടവഴികൾ പോയ വഴിയേത്...
text_fieldsഎല്ലാം മാറുകയാണ് കാലവും സ്ഥലരാശികളും കാഴ്ചകളും ഓർമകൾ പോലും.കുറെ അനുഭവങ്ങളും ഇതോടൊപ്പം മാഞ്ഞുപോകുന്നു. എല്ലാം കാലത്തിന്റെ ഒരു തമാശ. അെല്ലങ്കിൽ അനിവാര്യത. എവിടെയൊെക്കയോ കുറച്ചു പേർ അപ്പോഴും ബാക്കി കാണും. ഗൃഹാതുരത പൊടിതട്ടിയെടുത്തും വാരിപ്പുണർന്നുംസ്വപ്ന ലോകത്ത് ചില നിമിഷങ്ങളിലെങ്കിലും മുഴുകുന്നവർ. ഈ എഴുത്ത് അവർക്കുള്ളതാണ്. ഓർമയിൽ ഒരു ചെമ്പരത്തിച്ചുവപ്പെങ്കിലും ബാക്കിയുള്ളവർക്കുവേണ്ടി
മനുഷ്യൻ നടന്നു നടന്നായിരിക്കണം ഇടവഴികൾ രൂപപ്പെട്ടത്. അല്ലെങ്കിൽ പ്രകൃതി സ്വയമേവ രൂപപ്പെടുത്തിയ നീർച്ചാലുകളുടെ വികസിത രൂപം. മഴക്കാലത്ത് വെള്ളം പറമ്പുകളിലേക്ക് കയറാതിരിക്കാൻ അതിരുകളിട്ടപ്പോൾ വെള്ളം കുത്തിയൊലിച്ച് ആഴവും പരപ്പും കൂടി അവ വഴികളായി. പിന്നെയും കഴിഞ്ഞപ്പോൾ, അതിരുകൾ വിട്ട് നടക്കാൻ മനുഷ്യർ ഇടവഴികളെ സൃഷ്ടിച്ചെടുത്തു. ഇരുവശത്തും കാഴ്ചകളുടെ വസന്തം നിറച്ച് എല്ലാ ഋതുഭേദങ്ങളെയും പ്രതിഫലിപ്പിച്ച് പലയിടങ്ങളിലേക്കായി നീണ്ടുനീണ്ടുപോയ വഴികൾ. ആവാസങ്ങളുടെ വേരുപിണഞ്ഞവ. ഒറ്റ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല ഇടവഴികൾ. അതിരിനു പുറത്തേക്കും അകത്തേക്കും അവ ഒരുപോലെ സഞ്ചരിക്കും. ചുറ്റും പൂക്കളും കായ്കളും കിളികളും നിറയും.
തെറിച്ചുനിൽക്കുന്ന കല്ലുകളും ഉരുളൻ പാറകളും പൂഴിനിറഞ്ഞ സമതലങ്ങളും -സമ്മിശ്രമായിരുന്നു ഇടവഴിയുടെ നടപ്പുഭാഗം. ഇതിലേയാണ് പാദരക്ഷകൾ ഒന്നുമേയില്ലാത്ത വലിയൊരു വിഭാഗം നടന്നുപോയത്.
ചില്ലകൾ നീട്ടി തണൽ വിരിച്ചിട്ട മരങ്ങൾക്കിടയിൽ നട്ടുച്ചക്കുപോലും ഇരുട്ടുപരന്നുകിടന്ന വഴികൾ എത്രയായിരുന്നു!
പാലയും ഇലഞ്ഞിയും മറ്റനേകം മരങ്ങളും വഴിനീളെ പൂക്കൾ വിതറി സുഗന്ധം പരത്തി. കൈതപ്പൂവും മുല്ലയും തെച്ചിയും നറുമണവുമായി കിടപ്പറയോളം കൂട്ടുവന്നു. മാവും ഞാവലും ഫലങ്ങൾ ഇടവഴിയിലേക്ക് വീഴ്ത്തി കനിവേകി.
വഴിയിലേക്ക് തൂങ്ങിനിന്ന പ്ലാവുകളിലെ ചക്കകൾ പഴുത്തുതുടങ്ങുമ്പോൾ കിളികളും അണ്ണാനും കൊത്തിവലിച്ച് കുരു താഴേക്കിട്ടു. ചിലപ്പോൾ മുഴുചക്ക തന്നെ വീണ് ഇടവഴിയിൽ പൊട്ടിച്ചിതറി. മുള്ളൻ തൊലികൾ പരന്നുകിടന്നു. എപ്പോഴെങ്കിലും അതുവഴി കടന്നുപോകുന്ന പശുക്കൾ അതിനു ചുറ്റും മണം പിടിച്ചും കടിച്ചു വലിച്ചും ചുറ്റിത്തിരിഞ്ഞു. പ്രാണികൾ മൂളിപ്പരന്നു.
ഇടവഴികൾ മനുഷ്യരുടെ മാത്രം സഞ്ചാരയിടങ്ങളായിരുന്നോ, അല്ല. ഓടിമറയുന്ന കീരിയും മക്കളും, ഇഴഞ്ഞു നീങ്ങുന്ന പാമ്പ് ഉറുമ്പുകൾ, തേരട്ടകൾ എന്നിവയുടെ മാർഗം കൂടിയായിരുന്നു.
ഞൊടിയിടയിൽ ചാടിമറയുന്ന അണ്ണാറക്കണ്ണന്മാർ, അടുത്ത മരത്തിൽ ഇരുന്ന് ഇമവെട്ടാതെ േനാക്കുന്ന ഒാന്തുകൾ, കാൽപെരുമാറ്റം കേൾക്കുേമ്പാൾ വേലിക്കരികിലേക്ക് ഓടിയെത്തി എന്തോ മറന്നിെട്ടന്നപോലെ പിന്തിരിഞ്ഞുപോകുന്ന അരണകൾ. എല്ലാവരും വഴി പങ്കിട്ടെടുത്തു. ഓന്തുകൾ ദൂരെയിരുന്ന് നീളൻ നാവുകൊണ്ട് ചോരകുടിക്കുമെന്നും അരണ കടിച്ചാൽ ഉടനെ മരിക്കുമെന്നും ആരൊെക്കയോ കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. ഓന്തിനെ കാണുേമ്പാൾ പൊക്കിൾ പൊത്തിയാണ് അന്ന് നടന്നിരുന്നത്. പൊക്കിളിലൂടെയാണത്രെ ചോര ഊറ്റുക! അപ്പോഴും മരം മാറുന്നതിനനുസരിച്ചുള്ള അതിൈൻറ നിറം മാറ്റങ്ങൾ ആശ്ചര്യം ജനിപ്പിച്ചു. ഇടവഴികൾ കുട്ടികളുടെ പ്രധാന കളിയിടമായിരുന്നു. കുട്ടിയും കോലും, ഗോലികളിയും, ചട്ടിപ്പന്തും ആണുങ്ങൾക്കും കളം വരച്ചുള്ള വട്ടുകളി പെൺകുട്ടികൾക്കുമായി റിസർവ് ചെയ്തിരുന്നു.
എല്ലാ ഇടവഴികളും ചെന്നെത്തിയിരുന്നത് കുറെകൂടി വിശാലമായ മറ്റൊരു വഴിയിലേക്കായിരുന്നു. അെല്ലങ്കിൽ കുന്നിൻ താഴ്വരയിലേക്ക്, പാടവരമ്പത്തേക്ക്, പുഴയിറമ്പിലേക്ക്...
മഴക്കാലം ഇടവഴിയുടെ ജൈവരൂപത്തെയാകെ മാറ്റും. മിക്കതും അേപ്പാൾ വെള്ളമൊഴുകുന്ന ഇടമായി മാറും. പുഴകളിലും പാടങ്ങളിലും അവസാനിക്കുന്ന വഴികളിൽ മീനുകൾ കയറിവരും. പരലും തലയിൽ വെളുത്ത പുള്ളിയുള്ള മേനോൻ ചുട്ടിയുമായിരുന്നു ഇതിൽ കൂടുതൽ. കൊയ്ത്തും കല്ലേരിയും കൂട്ടുണ്ടാകും. നീർക്കോലിയും തവളകളും വന്നുചേരും. പാവം ഞാഞ്ഞൂലുകൾ പലർക്കും ഇരയാകും. തോർത്തുകൊണ്ട് മീൻപിടിച്ച് കുട്ടികൾ അവയെ കുപ്പിയിലാക്കും. മീനെന്നു കരുതി വാൽമാക്രികളെ പിടിച്ചവർ അന്ന് എത്രയായിരുന്നു! വർഷാരംഭത്തിൽ ഈ ജലപാത കടന്നാണ് പലരും സ്കൂളുകളിേലക്ക് വന്നുപോയിരുന്നത്. മടങ്ങുേമ്പാൾ നനഞ്ഞകുപ്പായം ശരീരത്തോട് ഒട്ടിക്കിടക്കും. ഒഴിഞ്ഞ ചോറ്റുപാത്രത്തിൽനിന്ന് മീനുകൾ പുഴകളെ തേടും.
മഴക്കാലത്താണ് ഇടവഴികൾക്കരികിൽ മണ്ണും കല്ലും വാരിപ്പൊത്തിയ ഇടങ്ങളിൽ പലപല ചെടികൾ ഉയർന്നുവരുക. പൂപ്പൽ പുല്ലുകളിൽനിന്ന് തലനീട്ടി കാലൻ കുടയുടെ കൊക്കുപോലെ വളത്ത കഴുത്തുമായി നിൽക്കുന്ന ഒരുകൂട്ടം ചെടികളുണ്ട്. അവയെ പടയാളികളായി സങ്കൽപിച്ച് പരസ്പരം കോർത്ത് കുട്ടികൾ യുദ്ധം ചെയ്തിരുന്നു. അകം നിറയെ വെള്ളം നിറച്ച് മഷിത്തണ്ടുകൾ നിറയുന്നതും വഴിക്കരികിലേക്ക് ഞാന്നുകിടക്കുന്ന പുല്ലിന്റെ വേരഗ്രങ്ങളിൽ വെള്ളം ഉരുണ്ടുകൂടുന്നതും അപ്പോഴാണ്. കൊഴുപ്പും കുളിർമയുമുള്ള അതെടുത്ത് കണ്ണിൽ വെച്ചാൽ കനത്ത തണുപ്പുണ്ടാകും.
●
വഴിയിൽ വേലികളിൽനിന്ന് പൊഴിഞ്ഞ മുള്ളുകളുണ്ടാകും. കാൽ വിരലുകൾക്ക് പിറകിലും മടമ്പിലും തറഞ്ഞുകയറി അതിരറ്റു പോകുന്ന മുള്ളുകൾ. കുത്തിക്കയറുന്ന സമയം വേദനയുടെ അങ്ങേയറ്റത്തേക്ക് യാത്ര പോകാം. മുള്ള് കാലിലിരുന്നു പഴുത്താൽ നിലത്തുകുത്താനാകാതെ വരും. പിന്നെ കുത്തിക്കീറേണ്ടിവരും. ഇടവഴിയിലെ കല്ലുകളിൽ കാല്വെച്ചുകുത്തലിനും സമാന വേദനയാണ്. തള്ളവിരലാണ് ഇതിന് പലപ്പോഴും ഇരയാകുക. നഖമിളകിയിട്ടുണ്ടേൽ വേദനയുടെ ആഴം കൂടും. കണ്ണിൽ ഇരുട്ടുകയറും. കമ്യൂണിസ്റ്റ് പച്ചയുടെ നീര് ഞെക്കിപ്പിഴിഞ്ഞ് മുറിവിലൊഴിക്കലായിരുന്നു ഉടനടിയുള്ള ചികിത്സ. ഉപ്പുവെള്ളത്തിൽ മുക്കിയ ശീല വിരലിൽ ചുറ്റിയാകും പിന്നെയുള്ള നടപ്പ്.
മുള്ളുകൊണ്ടാണ് വേലികൾ. ഇടവഴികളിൽ നിന്ന് പറമ്പുകളിലേക്കും കൃഷിയിടങ്ങളിലേക്കും കയറാനാകാതെ അവ അതിരിട്ടു. കവുങ്ങ് പാളികളുടെ അലക് വേലികളും ഓലവേലികളും അപൂർവമായി കണ്ടു. വേലി കാലത്ത് മുളങ്കൂട്ടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കൂർത്ത മുള്ളുകൾ കാട്ടി ആരെയും അടുപ്പിക്കാതെ അവ സ്വതന്ത്രമായി നിന്നു. കാറ്റിൽ പരസ്പരം ഉരുമ്മി സംഗീതം പൊഴിച്ചു. കിളികൾ ചില്ലയിലിരുന്ന് അതേറ്റുപാടി. മുളകൾ ഇടക്ക് പൂത്തു. അരിമണികൾ താഴേക്കിട്ടു. ആടലോടകം, നീരൊല്ലി, തോട്ട് തെച്ചി, കള്ളാവണക്ക്, മുരിക്ക്, അരളി, ലാത്തിങ്ങ, കൈത, പൂത്തെച്ചി, കുങ്കുമപ്പാല, കോളാമ്പിപ്പൂവ്. അതിരുകളിൽ ഇവയെല്ലാം അടയാളമായി നിന്നു.
ചുവന്ന പൂക്കളെ കാട്ടി ചെമ്പരത്തി നിത്യം ചിരിതൂകി. ചുവപ്പു പച്ചയിൽ ഒളിപ്പിച്ച് മൈലാഞ്ചി ചെടികൾ കൂമ്പി നിന്നു. നനയും തളിയുമില്ലാതെ പൊടുന്നനെ വളരുന്നവയായിരുന്നു ശീമക്കൊന്നകൾ. ഇവ ഇടക്ക് പൂക്കും.
വെളുപ്പും നീലയും കലർന്ന പൂക്കൾക്ക് മണമൊന്നുമുണ്ടാകില്ല.
കുളിക്കൊരുങ്ങും മുമ്പ് സ്ത്രീകൾ വേലിപ്പടർപ്പിൽനിന്ന് ചെമ്പരത്തിയിലകൾ പറിച്ചെടുത്ത് ഇടിച്ച് പതപ്പിച്ച് താളിയാക്കി തലയിൽ തേക്കും. മൈലാഞ്ചിനീര് ചോരപോലെ പെൺകുട്ടികളുടെ ൈകയിൽ പരന്നുകിടന്നു. കരിവളകൾക്കിടയിൽ അത് വിരലിന്റെ ഭംഗി കൂട്ടി.
വല്ലപ്പോഴും ഇടവഴിയിലേക്ക് വീഴുന്നൊരു കുന്നിക്കുരു, മഞ്ചാടിക്കുരു കുട്ടികൾക്ക് അമൂല്യനിധിയായി. പ്രകൃതിയുടെ സൗന്ദര്യമായ മറ്റൊരു ചുവപ്പ്.
വേലിക്കരികിൽ പൂക്കുന്ന മുരിക്കിനും ചുവപ്പ് പൂക്കളായിരുന്നു. നിറയെ പഞ്ഞി കായകളിലൊളിപ്പിച്ച പൂള മരത്തിനും ഉണ്ടായിരുന്നു ചുവന്ന പൂക്കൾ. പൂളമരം കായ്ക്കുന്ന സമയത്ത് ചിറകിൽ ചുവന്ന നിറമുള്ള ഒരു തരം ജീവികൾ മരത്തിനു ചുറ്റും പ്രത്യക്ഷപ്പെടും. പൂളപ്പൂവിന്റെ തടിച്ച ഇതളുകളിൽ ദ്വാരമിട്ട് കാറ്റു നിറച്ച് പൊട്ടിച്ചതും, കുഞ്ഞു കായകൾ പമ്പരമാക്കിയതൊന്നും ഒരു തലമുറ മറന്നു കാണില്ല. ഇന്നീ മരങ്ങളെയൊന്നും അധികം കാണാറില്ല.
വേലികൾക്കിടയിലൂടെ പോകാൻ നായ്ക്കൾ വഴിയുണ്ടാക്കും. അതാകും പൂച്ചയുടെയും പെരുച്ചാഴികളുടെയും മറ്റു ചെറുജീവികളുടെയും കുറുക്കുവഴി. ഇടവഴികളിൽ നിന്ന് പറമ്പുകളിലേക്കും തിരിച്ചും അവയങ്ങനെ വേലികൾ നൂർന്ന് യഥേഷ്ടം സഞ്ചരിച്ചു. പാമ്പുകൾ മുള്ളുകൾക്കിടയിൽ പടംപൊഴിച്ച് നഗ്നരായി കടന്നുപോയി.പാറിപ്പാറി വന്നൊരു അപ്പൂപ്പൻതാടി വേലികളിൽ കുരുങ്ങിക്കിടന്നു. നായ്ക്കൾക്ക് പേയിളകിയിരുന്ന കാലത്ത് ഇരുമ്പ് കമ്പികൊണ്ട് കുരുക്കൊരുക്കി മനുഷ്യർ നായ്ക്കളെ പിടിച്ച് കൊന്നതും ഇതേ വേലിപ്പടർപ്പിന് സമീപത്ത് തന്നെയായിരുന്നു. ശിക്ഷകർ വന്നെത്തുന്നതുവരെ അവ വേലിക്കരികിൽ കിടന്ന് മോങ്ങിയത് ദൂരങ്ങളിലോളം കേട്ടു.
വേലികളിൽ പലതരം വള്ളിപ്പടർപ്പുകളുണ്ടായിരുന്നു. പാടവള്ളി, ചിറ്റാമൃത്, വേലിമ്മെപരത്തി, നൂറ്റവള്ളി, തൂക്കട്ടവള്ളി, ഉഴിഞ്ഞ, പിച്ചകം, മുല്ല എന്നിങ്ങനെ. പലനിറങ്ങളിലുള്ള പൂക്കളാൽ ഇവ ചിരിച്ചും മണം പരത്തിയും നിന്നു. മരുന്നുവള്ളികളും വേലികളിൽ ധാരാളമായിരുന്നു. തൊടിയിലെ കയ്പയും മത്തനുംപയറും കുമ്പളവുമൊക്കെ ആദ്യം വലിഞ്ഞുകയറിയതും വേലിയിലേക്കായിരുന്നു.
ഇടവഴികളിൽനിന്ന് വീടുകളിലേക്ക് കയറുന്നിടത്ത് വേലി അവസാനിക്കുകയും മുളകൊണ്ട് അഴിയിട്ട 'പടി' കാണപ്പെടുകയും ചെയ്യും. ഇവിടെ മുള്ളുകൊണ്ട് തന്നെ തീർത്ത ഗേറ്റ് ഇല്ലിപ്പടികൾ എന്നറിയപ്പെട്ടു. ചിലർ മണ്ണ് കുഴച്ച് തേച്ച് അരമതിൽ കെട്ടി പടികൾ ഭംഗികൂട്ടി. അതിനരികിൽ പലചെടികൾ വെച്ചുപിടിപ്പിച്ച് വഴിയടയാളം കാട്ടി. തറവാടുകളിൽ മാത്രം അവ പടിപ്പുരകളായി വികസിച്ചു. മണ്ണുതേച്ചതിൻ മുകളിൽ ചിലർ ചാണകം മെഴുകും. മുറ്റങ്ങളിലും ഇത് പതിവാണ്. പൊടിപടലങ്ങളില്ലാതെ മുറ്റമപ്പോൾ ശാന്തമായി കിടക്കും.
●
ഇടവഴിയുടെ രാവിനുമുണ്ടായിരുന്നു ചന്തം. മഴ തോർന്ന സന്ധ്യകളിൽ മിന്നാമിനുങ്ങുകൾ കൂട്ടുതേടിപ്പോയത് ഇതേവഴിയിലൂടെയാണ്, ഇരുട്ടിൽ മിന്നാമിനുങ്ങിെൻറ വെട്ടം പോലെ ചുണ്ടിലെരിയുന്ന ബീഡിയുമായി ഒരുകൂട്ടർ നടന്നുപോയതും. കെട്ടും ആളിയും സ്വർണനിറത്തിൽ ജ്വലിച്ച് ആടിയാടി കടന്നുപോയ ചൂട്ട്, റാന്തലിെൻറ മുനിഞ്ഞ വെളിച്ചം, ടോർച്ചിെൻറ വട്ടവെളിച്ചം, ആരുടെെയാെക്കയോ ചുണ്ടുകളിൽ വിരിയുന്ന മുറിപ്പാട്ടുകളുടെ താളം, ചീവീടുകളുടെ മേളം, തവളകളുടെ പിന്നണി, എവിടെയോ ഇരുന്ന് മൂളുന്ന മൂങ്ങ.
ഇതേവഴിയിലൂടെ തന്നെയാണ് പാടങ്ങളിൽ നിന്ന് നെൽകറ്റകൾ വീടുകളിലേക്ക് കയറിവന്നത്. കാവിലെ വേലയുടെ വരവറിയിച്ച് പാടവരമ്പ് മുറിച്ചുകടന്ന്, അരമണിയും കാൽത്തളയും കിലുക്കി, ചുവന്ന ചേലചുറ്റി, മുഖത്ത് ചായം തേച്ച് പൂതൻ കയറിവന്നതും. തലച്ചുമടായി സാധനങ്ങളുമായി കച്ചവടക്കാർ കുന്നുകയറിയത്. തെൻറ പുരുഷെൻറ കൈപിടിച്ച് പുതുമണവാട്ടി നാണത്താൽ തലകുനിച്ച് നടന്നത്. മരണം മനുഷ്യനെ വെളുത്തപൊതിക്കെട്ടാക്കി ശ്മശാനങ്ങളിലേക്ക് വഴിനടത്തിയത്. പ്രിയപ്പെട്ടൊരാൾ യാത്ര പറഞ്ഞിറങ്ങുന്നതും നോക്കി ഉമ്മറത്ത് കണ്ണീരൊതുക്കി നിന്നത്. ആരോ ഒരാൾ വരുമെന്നോർത്ത് വേലിക്കരികിൽ വെറുതെ നിന്നത്.
കാലം ഇടവഴികളെ ആദ്യം ചെമ്മൺപാതകളായും പിന്നീട് പഞ്ചായത്ത് റോഡുകളായും വികസിപ്പിച്ചു. സൈക്കിളുകളായിരുന്നു ഇതിലെ ആദ്യ വാഹനം. പിന്നീട് കുണ്ടും കുഴിയും താണ്ടി ഓട്ടോറിക്ഷകൾ വന്നു. അന്ന് കുട്ടികൾ ദീർഘദൂരം അതിനുപിറകെ ഓടി. പിന്നെയും ഏറെ കഴിഞ്ഞാണ് ഇവയിലെല്ലാം ടാർ പതിഞ്ഞതും വാഹനങ്ങൾ ഏറിയതും. പണ്ട് കൗതുകത്തോടെ ചെറുവാഹനങ്ങൾക്ക് പിറകെ ഓടിയിരുന്ന കുട്ടികൾ അപ്പോൾ വലുതായിരുന്നു. ഇടവഴിയിൽ ചെരിപ്പിടാതെ പതിഞ്ഞ ഒരു തലമുറയുടെ കാലടികൾ ഭൂമുഖത്തുനിന്നേ അപ്രത്യക്ഷമായിരുന്നു.
ഇന്നവശേഷിക്കുന്ന ഇടവഴികൾ അവികസിതമായ ഗ്രാമീണ ഇടങ്ങളിലേക്ക് നീണ്ടുപോകുന്നവയാണ്. ഒരു കാലത്ത് തുല്യതയുടെ ഇടങ്ങളായിരുന്നവ പിന്നീടെപ്പഴോ അവഗണനയുടെ അടയാളങ്ങളായി. പഴയ കിളികളും പൂക്കളും മരങ്ങളും കളികളും മാഞ്ഞുപോയി. കാലം ഇനിയും ഒരുപാട് മാറും. ഓർമകളെല്ലാം തേഞ്ഞുതീരും. അപ്പഴീ ഭൂമി എങ്ങനെയിരിക്കും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.