തെയ്യങ്ങളെ വിരൽത്തുമ്പിലാക്കി അജിത്
text_fieldsമലയാളി ഗൃഹാതുരതയുടെ പട്ടികയിൽ ഒഴിച്ചുകൂടാത്തതാണ് കാവും കോട്ടയും അതിനോടനുബന്ധിച്ചുള്ള ഉത്സവങ്ങളും തിറയും തെയ്യവും മറ്റും. കേരളത്തിൽ, വിശിഷ്യാ വടക്കൻ ജില്ലകളിൽ നടക്കുന്ന തെയ്യം, തിറ, കളിയാട്ടം എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും വേണ്ടുന്ന വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരു വെബ്സൈറ്റ് അന്വേഷിച്ചപ്പോൾ ആണ് അത്തരം ഒരു സൈറ്റ് നിലവിലില്ല എന്ന് അജിത് എന്ന പ്രവാസിക്ക് മനസ്സിലായതും അതിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു സംരംഭത്തിന് സാഹസപ്പെട്ടതും. പ്രവാസ ലോകത്തിരുന്ന് ഇത്തരം ഒരു ഉദ്യമത്തിന് മുതിർന്നത് കുറച്ചു കടന്ന കൈയല്ലേ എന്നുള്ള ചോദ്യത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല എന്ന് അജിത്.
തെയ്യാട്ട കാലത്തിന്റെ ആരംഭത്തിൽ തന്നെ അതായത് ഒക്ടോബർ മാസം ആദ്യം മുതൽ തന്നെ ഇത്തരം ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അതിലേക്ക് വേണ്ടുന്ന വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നിരവധി വാട്സ്ആപ്പ് കൂട്ടായ്മകളിലും ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കൂട്ടായ്മകളിലും ചേർന്നതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ ഒരുമിച്ച് ചേർത്തുകൊണ്ട് ആണ് ഇത്തരം ഒരു സൈറ്റ് രൂപകൽപ്പന ചെയ്തത്. ഈ സൈറ്റിൽ തെയ്യങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തലും അതുപോലെതന്നെ ഓരോരോ തെയ്യത്തെക്കുറിച്ചും അത് കെട്ടിയാടുന്ന കാവ്, കോട്ട, തറവാട്, ക്ഷേത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു പോകുന്നുണ്ട്. അതോടൊപ്പം തന്നെ തെയ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ബ്ലോഗും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെയ്യത്തെക്കുറിച്ചുള്ള പൊതുവായ ഒരു ധാരണ ‘തെയ്യച്ചരിത്രവും’, ‘തെയ്യപ്പെരുമയും’ എന്നീ ബ്ലോഗിലൂടെ കടന്നു പോകുന്നവർക്ക് എളുപ്പത്തിൽ ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ തെയ്യം കാണാത്തവർ അല്ലെങ്കിൽ ഇന്ന തെയ്യമാണ് ഈ കാണുന്ന രൂപം എന്ന് മനസ്സിലാക്കാൻ വേണ്ടി ഓരോരോ തെയ്യത്തിന്റെ പേരും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാലറിയും കൂടി ഈ സൈറ്റിൽ ഉൾക്കൊള്ളിച്ചുള്ളിട്ടുണ്ട്. മറ്റൊന്നുള്ളത് തെയ്യത്തെ കുറിച്ചുള്ള ക്വിസ് പരിപാടിയാണ് . തെയ്യത്തെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഉതകുന്ന വിധത്തിൽ ആണ് ഈ ക്വിസ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. അതുപോലെ തെയ്യം കലണ്ടർ ഒരു തെയ്യം സൈറ്റിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അത് ഓരോ മാസത്തെയും ഒന്നിച്ചോ ഓരോ ദിവസത്തെയും ഒന്നിച്ചോ എങ്ങിനെ വേണമെങ്കിലും ഈ തെയ്യം കലണ്ടറിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. ആ ലിസ്റ്റിന്റെ പ്രിൻറ് എടുക്കാവുന്നതുമാണ്. സ്വദേശത്തും വിദേശത്തും ഉള്ള തെയ്യപ്രേമികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് തെയ്യം കലണ്ടർ. തെയ്യത്തിന്റെയും കാവിന്റെയും മെനുവിൽ പോയി സെർച്ചിൽ നിങ്ങൾ ഉദ്ദേശിക്കുന്ന തെയ്യം അല്ലെങ്കിൽ കാവ് ടൈപ്പ് ചെയ്തു സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ തെയ്യം അല്ലെങ്കിൽ കാവ് നിങ്ങൾക്ക് കാണാവുന്നതാണ്. കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് തുടങ്ങി ജില്ലാ അടിസ്ഥാനത്തിലാണ് കാവുകളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുത്തപ്പൻ തെയ്യം എല്ലായിടത്തും കെട്ടിയാടിക്കുന്നതിനാൽ ഈ തെയ്യം മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അവയുടെ ലിസ്റ്റും നിങ്ങൾക്ക് ഇതിൽ ലഭിക്കുന്നതാണ്.
അജിത്
തെയ്യ സീസണിൽ വെക്കേഷന് പോകുന്ന പ്രവാസികൾക്കും വിദേശ ടൂറിസ്റ്റുകൾക്കും തങ്ങളുടെ ടൂർ പ്ലാൻ ചെയ്യാൻ ഉതകുന്ന വിധത്തിൽ തെയ്യം കലണ്ടറിനെ ഉപയോഗപ്പെടുത്താം. പ്രത്യേകിച്ച് കാവുകളുടെ ലൊക്കേഷൻ മാപ്പും തെയ്യങ്ങളുടെ ലിസ്റ്റും അവ കെട്ടിയാടുന്ന (പുറപ്പെടുന്ന) സമയവും ഇതിൽ ഉള്ളതിനാൽ. അതാതു കാവുകളുടെ ഫോൺ നമ്പർ, വെബ്സൈറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വിലാസങ്ങൾ, വാട്സാപ്പ് കൂട്ടായ്മകളുടെ നമ്പറുകൾ എന്നിവ ഇവയിൽ ലഭ്യമാണ്. ഏതെങ്കിലും ഒരു തെയ്യം, ആ തെയ്യത്തെ കുറിച്ചുള്ള വിവരങ്ങൾ അതോടൊപ്പം ആ തെയ്യം ഏതൊക്കെ കാവുകളിൽ കെട്ടിയാടുന്നു അല്ലെങ്കിൽ കോട്ടങ്ങളിൽ, തറവാടുകളിൽ കെട്ടിയാടുന്നു എന്നുള്ള വിവരം ആ തെയ്യം ക്ലിക്ക് ചെയ്യുമ്പോൾ ഒരു ലിസ്റ്റ് ആയി അതിൻറെ താഴെ അത് വരുന്നുണ്ട്. അതനുസരിച്ചു നിങ്ങൾക്ക് ഏതെങ്കിലും ഒരു പ്രത്യേകം തെയ്യം മാത്രം കാണണമെന്നുണ്ടെങ്കിൽ ഈ വിവരങ്ങൾ വെച്ച് നിങ്ങൾക്ക് പ്ലാൻ ചെയ്യാവുന്നതാണ്. ഇതെല്ലാറ്റിനുമുപരിയായി കോലധാരികളെ (തെയ്യം കെട്ടുന്നയാളെ) പരിചയപ്പെടുത്തുകയും തെയ്യത്തെക്കുറിച്ചു ഇത് വരെ ഇറങ്ങിയ പ്രധാന പുസ്തകങ്ങളെയും അതോടൊപ്പം തെയ്യവുമായി ബന്ധപെട്ട് ഇറങ്ങിയ മലയാളം സിനിമകളെയും ഡോക്യുമെന്ററി കളെയും ഇതിൽ കാര്യമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ഈ സൈറ്റ് കൂടുതൽ കുറ്റമറ്റതാക്കാനും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനുമുള്ള പരിശ്രമം തുടരുന്ന അജിത് എല്ലാ തെയ്യ പ്രേമികളുടെയും നിർദേശങ്ങളും സഹകരണവും സ്വാഗതം ചെയ്യുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ആന്തൂർ സ്വദേശിയായ അജിത് മുപ്പത്തിനാല് വർഷമായി തുടരുന്ന പ്രവാസജീവിതത്തിനു തുടക്കം കുറിച്ചത് 1990 ൽ സൗദിയിൽ വെച്ചായിരുന്നു. തുടർന്ന് പത്തു വർഷത്തിലധികം യു.പി യിലെ ഗാസിയാബാദ്, രാജ്യ തലസ്ഥാനമായ ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞ ശേഷം ഇരുപത് വർഷത്തോളമായി യു.എ.ഇ യിലെ ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി ജോലി നോക്കുന്നു. ഭാര്യ ഗീത അജിത്, മകൻ അലോക് കുമാർ അജിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.