കപ്പൽ പൈതൃകത്തിന്‍റെ അല്‍ ബുറാഖ സ്ക്വയര്‍
text_fieldsഅജ്മാന്‍ ജനതയുടെ പൈതൃക ജീവിതത്തിന്‍റെ സ്മരണകളുണർത്തുന്ന നിരവധി സ്തൂപങ്ങള്‍ ഇന്നും അജ്മാന്‍ ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്നു. അജ്മാന്‍ കോര്‍ണീഷിന്‍റെ മധ്യഭാഗത്തായ അൽ റുമൈല 2ല്‍ അല്‍ ബുറാഖ എന്ന പേരില്‍ പായക്കപ്പലിന്‍റെ സവിശേഷമായ രൂപകൽപ്പന ഇതിലൊന്നാണ്. 1809.56 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് പണി കഴിപ്പിച്ചിട്ടുള്ള ഈ സ്മാരകം സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വിത്യസ്ഥ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അജ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട പാരമ്പര്യങ്ങളിലൊന്നായ ഈ കപ്പൽ രൂപം 100 പ്രവൃത്തി ദിവസങ്ങൾ തുടർച്ചയായി എടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ പിതാമഹന്‍ ശൈഖ് ഹുമൈദ് ബിന്‍ അബ്ദുല്‍ അസീസിന്‍റെ കാലഘട്ടത്തിലാണ് ഇത്തരം വേഗതയേറിയ പായക്കപ്പലുകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഇതിനെ അല്‍ ബുറാഖ എന്ന് വിളിച്ചിരുന്നു. അറബികളുടെ പുരാതന ചരിത്രത്തിലും ബുറാഖ എന്ന വാഹനത്തിന് വലിയ സ്ഥാനമാണുള്ളത്. പഴയകാല അജ്മാന്‍ നിവാസികളുടെ ഉപജീവനമാർഗവുമായിരുന്നു മത്സ്യബന്ധനത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഇത്തരം വേഗതയേറിയ പായക്കപ്പലുകള്‍. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും സൗന്ദര്യം വ്യാപിപ്പിക്കുന്നതിന് വകുപ്പ് ആരംഭിച്ച ‘അജ്മാൻ ആർട്ട്’ പദ്ധതിയുടെ കീഴില്‍ ഇമാറാത്തി കലാകാരനായ ഖാലിദ് അൽ ഷഫറാണ് ഇതിന്‍റെ മനോഹരമായ രൂപകൽപന നിർവഹിച്ചത്. പൂർവികരുടെ മൂല്യങ്ങളിൽ നിന്നും ഉന്നതമായ തത്വങ്ങളിൽ നിന്നും പുതിയ തലമുറകൾക്ക് ഒരു മാതൃക നൽകാനും കൂടിയാണ് ഈ സ്മാരകം ലക്ഷ്യം വെക്കുന്നത്. അജ്മാന്‍റെ കല, സൗന്ദര്യം, സർഗാത്മകത എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ നഗരസഭ ആസൂത്രണ വകുപ്പ് അടിസ്ഥാന വികസന വികസന വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് അല്‍ ബുറാഖ സ്ക്വയര്‍ പണികഴിപ്പിച്ചത്. അജ്മാന്‍ ബീച്ച് സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് മനോഹരമായ ഈ അല്‍ ബുറാഖ സ്ക്വയര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.