'ഫ്രം ഫ്ലോർ ടു ആർട്' -കലാ തലസ്ഥാനമാകാൻ ആർട്ട് മിൽ മ്യൂസിയം വരുന്നു
text_fieldsദോഹ കോർണിഷിന് മുഖാമുഖമായി മരുഭൂമിയുടെ റോസ് ദളങ്ങളുടെ മാതൃകയിൽ തലയുയർത്തി നിൽക്കുന്ന ഖത്തർ ദേശീയ മ്യൂസിയം. ഏതാനും മീറ്ററുകൾ അകലെ, കടലിലേക്കിറങ്ങി തലയെടുപ്പാവുന്ന ‘മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്’. ഖത്തറിന്റെയും അറബ് നാടിന്റെയും പൈതൃകങ്ങളുടെ സൂക്ഷിപ്പുകാരായ ഈ രണ്ട് മ്യൂസിയങ്ങളെയും ഒരു ത്രികോണ ബിന്ദുവിൽ ഒന്നിപ്പിക്കാൻ മൂന്നാമതായി മറ്റൊരു മ്യൂസിയം കൂടിയെത്തുകയാണ് ദോഹ കോർണിഷിൽ തന്നെ. പഴയ ദോഹ തുറമുഖത്ത് പുനർനിർമിച്ച ഇൻഡസ്ട്രിയൽ േഫ്ലാർ മില്ലാണ് ലോകത്തു തന്നെ ശ്രദ്ധേയമായ മറ്റൊരു മ്യൂസിയമായി മാറാൻ ഒരുങ്ങുന്നത്. ആർട്ട് മിൽ മ്യൂസിയമെന്ന പേരിൽ 2030ഓടെ ഇത് പ്രവർത്തനമാരംഭിക്കുമെന്ന് ഖത്തർ മ്യൂസിയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
ഖത്തർ മ്യൂസിയങ്ങളുടെ നിരയിലേക്ക് ആശയ പുതുമയും ഗംഭീരമായ ഉള്ളടക്കവുമായാവും കഴിഞ്ഞ ഏതാനും വർഷങ്ങളായ പദ്ധതിയിലുള്ള ആർട്ട് മിൽ മ്യൂസിയമെത്തുന്നത്. അസാധാരണമായ ശേഖരങ്ങളുടെയും വാസ്തുവിദ്യാ ചാതുര്യത്തിന്റെയും അതുല്യമായ പ്രദർശന കേന്ദ്രം എന്നതിലുപരി നിർമിതികൊണ്ടും ശ്രദ്ധേയമാകും. വാസ്തുവിദ്യാ അനുഭവത്തെ ആർട്ട് മിൽ മ്യൂസിയം പുനർനിർവചിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ ദോഹ തുറമുഖത്ത് പുനർനിർമിച്ച ഇൻഡസ്ട്രിയൽ ഫ്ലോർ മില്ലാണ് വാസ്തുവിദ്യാ വിസ്മയമായി പുതുമയോടെ മ്യൂസിയമാകുന്നത്. 1850 മുതൽ ഇന്നുവരെയുള്ള വൈവിധ്യമാർന്ന സൃഷ്ടികളുടെ പ്രദർശനം മ്യൂസിയത്തിന്റെ സവിശേഷതകളിലൊന്നായിരിക്കും.
കേവലം ഒരു മ്യൂസിയം കെട്ടിടം എന്നതിലുപരി ആ നിർമിതിയും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം പ്രദർശിപ്പിക്കാനും സൃഷ്ടിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ആർട്ട് മിൽ മ്യൂസിയം തുറക്കുന്നതോടെ ഇത് ഒരേ കെട്ടിടത്തിന്റെ വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും പൊതുജനങ്ങൾക്ക് സമ്മാനിക്കുകയെന്നും ‘ദി പവർ ഓഫ് കൾചർ’ എന്ന പേരിലെ പോഡ്കാസ്റ്റ് എപ്പിസോഡിൽ ശൈഖ അൽ മയാസ്സ ആൽഥാനി കൂട്ടിച്ചേർത്തു.
പ്രിറ്റ്സ്കർ പ്രൈസ് ജേതാവായ ആർക്കിടെക്ട് അലഹാന്ദ്രോ അരവേനയുടെ നേതൃത്വത്തിലാണ് മ്യൂസിയത്തിന്റെ രൂപകൽപന പൂർത്തിയാക്കിയിരിക്കുന്നത്. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നടന്ന ആർട്ട് മിൽ മ്യൂസിയം എക്സിബിഷന്റെ വിജയവും ശൈഖ അൽ മയാസ്സ പരാമർശിച്ചു. അതുല്യമായ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, കരകൗശല നിർമാണങ്ങൾ, വാസ്തുവിദ്യാ മാതൃകകൾ, ഫിലിം, ഫാഷൻ തുടങ്ങിയ വൈവിധ്യങ്ങൾ നിറഞ്ഞതായി അവതരിപ്പിക്കാനാണ് പദ്ധതി. ഖത്തർ മ്യൂസിയം നേതൃത്വത്തിൽ 2016ൽ ആരംഭിച്ച് രണ്ടു വർഷം നീണ്ടുനിന്ന ഡിസൈൻ മത്സരത്തിൽനിന്നാണ് അലഹാന്ദ്രോ അരവേന അവതരിപ്പിച്ച മാതൃക ആർട്ട് മിൽ മ്യൂസിയം നിർമാണത്തിനായി സ്വീകരിച്ചത്. 56 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ ആർകിടെക്ടുമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.