ആത്മാർപ്പണത്തിന്‍റെ ആനന്ദ നടനം
text_fieldsകോഴിക്കോട്: നൃത്തത്തോട് അതിരുകളില്ലാത്ത അഭിനിവേശം അവരെ എത്തിച്ചത് ആനന്ദ നടനത്തിന്റെ സമ്മോഹന മുഹൂർത്തത്തിലേക്ക്. ജോലിത്തിരക്കോ, പ്രായമോ, ശാരീരിക പ്രയാസങ്ങളോ ഈ അരങ്ങിൽ അവരെ അലോസരപ്പെടുത്തിയില്ല. ചിലങ്കയണിഞ്ഞ സ്വപ്നങ്ങളുമായി അവർ 17 നർത്തകിമാർ അരങ്ങേറ്റം കുറിച്ചപ്പോൾ കോഴിക്കോടൻ നൃത്തവേദിക്ക് അത് പുതിയ അനുഭവമായി. നിത്യജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിതാന്ത സപര്യയിലൂടെ അവർ ആർജിച്ചെടുത്ത ചുവടുകളും മുദ്രകളും ചലനതാളങ്ങളും കാണികളെ വിസ്മയിപ്പിച്ചു. ഡോക്ടർമാർ, അധ്യാപകർ ഉൾപ്പെടെ 22നും 60നും ഇടയില്‍ പ്രായമുള്ള പതിനേഴ് വനിതകളാണ് നൃത്തത്തിന് പ്രായം തടസ്സമല്ലെന്ന സന്ദേശവുമായി ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി നാല് വര്‍ഷത്തോളം നൃത്തം പരിശീലിച്ചാണ് ഓരോരുത്തരും അരങ്ങിലെത്തിയത്. കലാമണ്ഡലം സൈലയുടെ കീഴിലായിരുന്നു ഇവരുടെ പരിശീലനം. ഒ.പി. അഭിരാമി, കെ. അനിത, ദിവ്യ സജീവ്, ഡോ. അൻജു, ഡോ. കെ. ബിന്ദ്യ, ഡോ. യു. ദർശന, ഡോ. ഗീത ജോർജ്, ഡോ. ജീനകുമാരി, ഡോ. കെ.കെ. റീന, ഡോ. വി.പി. സിജ്ന, ഡോ. ടി. സ്മിത, ഡോ. എ.ആർ. ശ്യാമ, ഡോ. ജി. വിദ്യ, കവിത വർമ, രാജശ്രീമേനോൻ, ശിൽപ ശ്രീനിവാസൻ, സ്നേഹ ഷാജി എന്നിവരാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്.
നടനം സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണിലായിരുന്നു അരങ്ങേറ്റം. ചടങ്ങുകളുടെ ഉദ്ഘാടനം സിനിമാ താരവും സാമൂഹിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത് നിർവഹിച്ചു. മോഹിനിയാട്ടം നര്‍ത്തകിയും നൃത്തസംവിധായകയുമായ ഗായത്രി മധുസുദന്‍ മുഖ്യാതിഥിയായി. സലീഷ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം സൈല സ്വാഗതവും ഡോ. വിദ്യ. ജി.എന്‍. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.