ചരിത്രത്തിൽ കുഴിച്ചുമൂടിയ ദാക്ഷായണി വേലായുധനെ വീണ്ടെടുക്കുന്ന പുസ്തകം
text_fieldsകോഴിക്കോട് : ജീവചരിത്രങ്ങളും ആത്മകഥകളും കൊണ്ട് സമ്പന്നമാണ് കേരളം. എന്നാൽ, സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയ ഭരണഘടനാ നിർമാണ സഭയിലെ ഏക ദളിത് സ്ത്രീയായ ദാക്ഷാണി വേലായുധൻ മലയാളികൾക്ക് ഇന്നും അപരിചിതയാണ്. ദാക്ഷായണി 1978 ലാണ് അന്തരിച്ചതെങ്കിലും അവരെ നവോത്ഥാന കേരളം അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയതിന്റെ ചരിത്രം വീണ്ടെടുക്കുയാണ് ചെറായി രാമദാസിന്റെ കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ എന്ന പുസ്തകം.
കൊച്ചിലെ മുളവ്കാട് എന്നഗ്രാമത്തിൽ ദലിത് കുടുംബത്തിൽ ജനിച്ച ദാക്ഷായണി വേലായുധൻ മലയാളത്തിന്റെ അൽഭുതമാണ്. ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണ് ചരിത്രത്തിലുടനീളം ഇതിഹാസ കഥാപാത്രത്തെപ്പോലെ ദാക്ഷായണി നടത്തിയത്. അവരുടെ ജീവിത സമരത്തിന്റെ അപൂർവ രേഖകളുടെ സമാഹാരമാണ് ഈ പുസ്തകം.
കൊച്ചി രാജ്യത്ത് ആദ്യം എസ്.എസ്.എൽ.സി പാസായ, ബിരുദം നേടിയ പട്ടികജാതി പെൺകുട്ടി. പട്ടികാജിതക്കാരിയായ ആദ്യത്തെ നിയമസഭാംഗം. എന്നാൽ, അവർ ജനിച്ച മുളവുകാട് എന്ന ദ്വീപിലെ പുതിയ തലമുറക്ക് പോലും ദാക്ഷായണിയെ അറിയില്ല. മുളവുകാട് കല്ലച്ചംമുറി എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെ അഞ്ചുമക്കളിൽ നാലാമത്തെ ആളായിരുന്നു ദാക്ഷായണി. 1912 ലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു ബി.എയും മദ്രാസ് ക്രിസ്റ്റൊഫർസ് ട്രെയിനിങ് കോളജിൽ നിന്നു എൽ.ടിയും പാസായി.
ബി.എ പഠനത്തിനെത്തിയ ദാക്ഷായണിയെ കൊച്ചി ദിവാനും ഡി.പി.ഐയും അഭിനന്ദിച്ചിരുന്നു. ദാക്ഷായണിയുടെ ബി.എ ബിരുദം 1936 ലെ കൊച്ചി രാജ്യ ഭരണ റിപ്പോർട്ടിൽ വരെ ഇടം പിടിച്ചു. അക്കാലത്ത് എറണാകുളം പട്ടണത്തിന്റെ ആദരവും ഏറ്റുവാങ്ങി. ദലിത് കുടുംബത്തിൽ ജനച്ചതിനാൽ ഉപരിപഠനത്തിന് കൊച്ചി സഹായം നൽകിയില്ല. 1936 ൽ ദാക്ഷായണിയെ എം.എ പഠനത്തിന് മദ്രാസിൽ അയക്കണമെന്ന ആവശ്യം കൊച്ചി നിയമസഭയിൽ ഉയർന്നെങ്കിലും അത് നിരസിച്ചു.
പെരിങ്ങോട്ടുകരയിലെ സർക്കാർ സ്കൂളിൽഅധ്യാപികയായി നിയമിച്ചപ്പോൾ കേൾക്കേണ്ടി വന്നത് "പുലയത്തി ടീച്ചർ" എന്ന ഓമനപ്പേര്. അക്കാലത്ത് വനിതാ സമ്മേളനങ്ങളിൽ അവർ ക്ഷണിതാവായി. 1945 തൊട്ട് കൊച്ചി നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായി ദാക്ഷായണി. സഭയിലെ അവരുടെ പ്രസംങ്ങൾ ഭരണകൂടത്തെ പിടിച്ചുലച്ചു. തുടർന്ന് ഇന്ത്യൻ ഭരണഘടന നിർമാണസഭാംഗത്വം മദ്രാസ് പ്രവിശ്യയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് 1946 അവർക്ക് ലഭിച്ചത്.
കോൺഗ്രസ് പാർട്ടിയോടും പിന്നീട് ഡോ. ബി. ആർ അംബേദ്കറുടെ പക്ഷത്തോടും ഏറ്റുമുട്ടിയാണ് കോൺസ്റ്റിട്യൂഷൻ അസംബ്ലിയിലേക്ക് കടന്നുചെന്നത്.കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബി.ആർ അംബേദ്കർ പോലും ദാക്ഷായണിയുടെ വിമർശന ശരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനായില്ല.അംബേദ്ക്കറുടെ അനുയായികളിൽ നിന്ന് പോലും ദാക്ഷായണിക്ക് ഭീഷണി ഉണ്ടായിയെന്നാണ് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നത്.
സ്വന്തം നിലപാടുകൾ എന്നും കരുത്തോടെ ഉയർത്തിപ്പിടിക്കാൻ ദാക്ഷായണിക്ക് കഴിഞ്ഞു. കോൺഗ്രസ് അവരെ ജയിപ്പിച്ച കോൺസ്റ്റന്റ് അസംബ്ലിയിൽ എത്തിച്ചുവെങ്കിലും 12 കമ്മിറ്റികളിൽ ഒന്നിൽ പോലും അവരെ അംഗമാക്കിയില്ല. മറ്റ് അഞ്ചു സ്ത്രീ പ്രതിനിധികളായി പരിഗണിക്കുകയും ചെയ്തു.
അസംബ്ലിയിൽ നിന്ന് കാലാവധി കഴിഞ്ഞ് 1952 ൽ പുറത്തുവന്നിട്ടും രാഷ്ട്രീയ നേതൃത്വപരമായ ഒരു സ്ഥാനത്തും ദാക്ഷായണിക്ക് പ്രവേശനം നൽകിയില്ല. ആ അവഗണന ജീവിതാവസാനം വരെ തുടർന്നു. ഭരണ രാഷ്ട്രീയ കാര്യങ്ങൾ ആഴത്തിൽ പഠിക്കാനും തനതായ അഭിപ്രായം ശക്തമായി ഉന്നയിക്കാനും കരുത്ത് ഉണ്ടെന്ന് തെളിഞ്ഞിട്ടും ദാക്ഷായണിയെ കോൺഗ്രസ് ഉപയോഗപ്പെടുത്തിയില്ലെന്നണ് ഗ്രന്ഥകാരന്റെ വിലിയരുത്തൽ.
അഖിലേന്ത്യാതലത്തിൽ പോലും ദളിത് സ്ത്രീ ഇതുപോലെ രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നത് കണ്ടിട്ടില്ല. കോൺഗ്രസിൽ അവർ നേരിട്ടത് കടുത്ത അവഗണനയാണ്.ദാക്ഷായണി 1952 ൽ വരെ പാർലമെൻറിൽ തുടർന്നു. പിന്നീട് എൽ.ഐ.സിയുടെ ജീവൻ രക്ഷാ മാസികയുടെ എഡിറ്ററായി തിരുവനന്തപുരം പേട്ടയിലെ വാടകവീട്ടിൽ താമസമാക്കി.
ഇക്കാലത്തെ കോൺഗ്രസ് സമ്മേളനത്തിൽ ദാക്ഷിണിയും പങ്കെടുത്തു. അന്ന് ഇന്ദിരാഗാന്ധിയുമായി വലിയ അടുപ്പത്തിലായിരുന്നു 1971 മാർച്ചിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ എതിർപക്ഷത്തുള്ള സംഘടന കോൺഗ്രസിന്റെ സ്ഥാനാർഥിയായി അടൂരിലെ സംവരണ സീറ്റിൽ ദാക്ഷായണി മത്സരിച്ചു.
അവരുടെ ഭർത്താവ് ആർ. വേലായുധൻ ഉഴവൂർ സ്വദേശിയായിരുന്നു (കെ.ആർ നാരായണന്റെ ഇളയച്ചൻ). തിരുവിതാംകൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി ബോംബെയിലെ ടാറ്റാ ഇൻസ്റ്റ്യൂട്ട് സോഷ്യൽ സയൻസ് നിന്ന് സോഷ്യൽ സർവീസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ നേടി അദ്ദേഹം എറണാകുളത്തെ ടാറ്റ ഓയിൽ മില്ലിൽ ലേബർ വെൽഫെയർ ഓഫീസർ ആയിരുന്നു. ഇവരും കോൺഗ്രസ് ആദർശത്തിൽ വിശ്വസിച്ചതിനാൽ ഗാന്ധിജിയുടെ ആശ്രമത്തിൽ വച്ചാണ് വിവാഹിതരായത്.
എൽ.ഐ.സി വിട്ടശേഷം ഡൽഹിയിലായിരുന്നു താമസം.1974 ൽ വേലായുധൻ അന്തരിച്ചു. എന്നിട്ടും ദാക്ഷായിനി കേരളത്തിലേക്ക് മടങ്ങിയില്ല. 1978 അവരും വിടപറഞ്ഞു. മറ്റേതെങ്കിലുമൊരു സമൂദായത്തിലാണ് ജനിച്ചിരുന്നതെങ്കിൽ ഈ ഉയർന്ന ശിരസുള്ള വനിതയെ കേരളം മരണശേഷമെങ്കിലും അനുസ്മരിക്കുമായിരുന്നു. ചരിത്രത്തിൽ ഒരു മലയാളിയും നേരിടാത്ത അവണനയാണ് ദിക്ഷായണി നേരിട്ടതെന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു.സ്വന്തം ഇച്ഛാശക്തി കൊണ്ടാണ് അവർ ഉയർന്നത്. എന്നിട്ടും നമ്മുടെ ജാതി സമൂഹം അവരെ അവഗണിച്ചു. പുരാരേഖകൾകൊണ്ട് നവോത്ഥാന കേരളത്തിന്റെ ഇരുളടഞ്ഞമുഖം തുറക്കുകയാണ് ഈ പുസ്തകം. അവരുടെ ജീവിതാനുഭവങ്ങൾ അന്വേഷിക്കുന്ന ഗവേഷകർക്ക് മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.