കേരളീയത്തിന്റെ വരവറിയിച്ച് നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി
text_fieldsതിരുവനന്തപുരം: മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടത്തി. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ വി.ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്തു.
വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സന്നിഹിതരായിരുന്നു. എൻ.സി.സി. കെ(1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് കേരളീയം സംഘാടകസമിതി സൈക്കിൾ റാലി സംഘടിപ്പിച്ചത്.
നഗരം കണ്ട ഏറ്റവും വലിയ സൈക്കിൾ റാലിക്കാണ് കേരളീയത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച പട്ടം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി തന്മയ അടക്കം വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
മഞ്ഞയിൽ നീലമുദ്ര പതിപ്പിച്ച കേരളീയത്തിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ നിറമാർന്ന റാലി. കവടിയാർ ചിൽഡ്രൻസ് പാർക്കിന് മുന്നിൽനിന്നാരംഭിച്ച സൈക്കിൾ റാലി വെള്ളയമ്പലം പാളയം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്-പ്രസ് ക്ലബ് നോർത്ത് ഗേറ്റ്-പാളയം-എൽ.എം.എസ്. വഴി കനകക്കുന്നിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.