ഖത്തറിൽനിന്ന് കുട്ടനാട്ടിലൊരു ‘കളറിങ് ദ കൾച്ചർ’
text_fields‘കളറിങ് ദ കൾച്ചർ’എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ലളിതകലാ അക്കാദമി ഗാലറിയുടെ ചുവരുകളെ വാചാലമാക്കുകയായിരുന്നു സാംസ്കാരത്തിന് വർണങ്ങൾ പകർന്ന ഖത്തറിൽനിന്നുള്ള ആ കാഴ്ചകൾ. സന്ദർശകരായെത്തിയ നൂറുകണക്കിനു പേർക്കു മുന്നിൽ ദോഹയുടെ ലാൻഡ്മാർക്കുകളായി തലയുയർത്തി നിൽക്കുന്ന ഫനാർ പള്ളിയും, സൂഖ് വാഖിഫിലെ പൈതൃകം പേറുന്ന കെട്ടിടങ്ങളും, മരുഭൂമിയിലൂടെ അലയുന്ന അറബിയും ഒട്ടകവും, സുബാറ കോട്ടക്ക് മുന്നിൽ വെള്ളക്കുതിരപ്പുറത്തേറി പായുന്ന ഖത്തരി യുവാവും, ഇസ്ലാമിക് മ്യുസിയവുമെല്ലാം നിറഞ്ഞുനിന്നു.
ഖത്തറിൽ നിന്നുള്ള രണ്ട് പ്രവാസി വനിതകളുടെ ചിത്രപ്രദർശനത്തിനായിരുന്നു ഈ വേനലവധിക്കാലത്ത് നാട് സാക്ഷ്യംവഹിച്ചത്. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന നിത ജോളിയുടെയും, ഖത്തറിൽ തന്നെ നേരത്തേ പ്രവാസിയായ ദീപ്തിയുടെയും ചിത്രങ്ങൾ. അറബ് നാടിന്റെയും കേരളത്തിന്റെയും സംസ്കാരവും പ്രാദേശിക തനിമയും പൈതൃകവുമെല്ലാ വരച്ചിട്ട ചിത്രങ്ങൾ കാഴ്ചക്കാരുടെ ഹൃദയവും കവർന്നു.
ഖത്തറിൽനിന്നുള്ള സൗഹൃദവുമായാണ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇരുവരും കാലങ്ങളായുള്ള മോഹം സാക്ഷാത്കരിച്ചത്. നീതു ആലപ്പുഴ സ്വദേശിയും, ദീപ്തി തിരുവനന്തപുരം സ്വദേശിയുമാണ്. ദോഹയിലായിരിക്കെ, ഒരേക്ലാസിൽ പഠിക്കുന്ന മക്കളുടെ രക്ഷിതാക്കൾ എന്ന നിലയിലായിരുന്നു പരിചയം. പിന്നെ, കലയിലെ താൽപര്യം ഇരുവരെയും ഒന്നിപ്പിച്ചു. ഇതിനിടയിൽ ദീപ്തി ഖത്തർ വിട്ട് നാട്ടിലേക്കും മടങ്ങി. ആക്രിലിക് പെയിന്റിൽ എണ്ണമറ്റ ചിത്രങ്ങൾ വരച്ചുകൂട്ടുമ്പോൾ രണ്ടുപേരുടെയും സ്വപ്നമായിരുന്നു നാട്ടിലൊരു പ്രദർശനമെന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ വേനലവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കുമിടിയിൽ തന്റെ സൃഷ്ടികൾ പൊതു പ്രദർശനത്തിനെത്തിച്ചത്.
ഇരുവരും ചിത്രരചനയിൽ വിദഗ്ധ പരിശീലനമൊന്നും നേടിയിട്ടില്ല. കുഞ്ഞുന്നാളിലെ തുടങ്ങിയ വരകളെ, നിരന്തര രചനയിലൂടെ പാകമാക്കിയപ്പോൾ വിരിഞ്ഞത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ. ഖത്തറിലെ കാഴ്ചകളും നാടിന്റെ പച്ചപ്പുമെല്ലാമാണ് നീത ജോളിയുടെ കാൻവാസുകൾ നിറയെ. ദീപ്തിയുടെ വരകളിൽ ശ്രീകൃഷ്ണനും ശ്രീബുദ്ധനും കഥകളിയും ഉൾപ്പെടെ നാടിന്റെ സംസ്കാരവും പാരമ്പര്യവും. തങ്ങളുടെ സൃഷ്ടികളിൽ 25ഓളം രചനകളാണ് പ്രദർശനത്തിനെത്തിച്ചത്. ആഗസ്റ്റ് അഞ്ചു മുതൽ ഒമ്പതു വരെ നീണ്ടുനിന്ന പ്രദർശനം തിരക്കഥാകൃത്ത് അഖിൽ പി. ധർമജൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.