ഓർമയിലൊരു ‘സ്വാതന്ത്ര്യ സുവർണ സ്മൃതി’
text_fieldsമൊബൈൽ ഫോൺ സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കാലം. വായന മാത്രമായിരുന്നു ഒരേയൊരു ജീവിതാനന്ദ മാർഗം. അന്ന് കൈവശം പുസ്തകങ്ങളും വളരെ പരിമിതമായിരുന്നു. കിട്ടിയതെന്തും വായിക്കുന്ന കാലം. വീട്ടിലും അയൽവീടുകളിലുമൊക്കെ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പേപ്പർ കഷണങ്ങൾ.
അങ്ങനെയൊരു പത്രത്തുണ്ടിൽനിന്നാണ് ‘മഹിള ദക്ഷത സമിതി’ സ്വാതന്ത്ര്യദിന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ‘നിങ്ങൾ ജീവിതത്തിൽ സഹിച്ച ത്യാഗങ്ങൾ’ എന്ന പേരിൽ ഒരു മത്സരം നടക്കുന്ന വിവരമറിഞ്ഞത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ നിശ്ചിത പേജിൽ കുറയാത്ത ഒരു ലേഖനം അയക്കണമെന്ന നിബന്ധന പാലിച്ചു ഞാൻ അപേക്ഷ അയച്ചു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽവെച്ച് അന്നത്തെ ഉപരാഷ്ട്രപതി കൃഷ്ണകാന്തും ഭാര്യ സുമൻ കൃഷ്ണകാന്തും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് സ്വാഭാവികമായും ക്ഷണിക്കപ്പെട്ടു.
അഭിമുഖവും സമ്മാനവിതരണവും നടക്കുന്ന വലിയ പരിപാടിയായിരുന്നു അത്. രണ്ടുപേർക്കുള്ള യാത്രടിക്കറ്റും താമസവും ഭക്ഷണവും എല്ലാം തീർത്തും സൗജന്യമായി ലഭിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു.
പോകാൻ വലിയ ആഗ്രഹം തന്നെ തോന്നി. അന്നുവരെ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ് എന്ന് കേട്ടിട്ടുള്ള അറിവേയുള്ളൂ. കണ്ണൂർ ജില്ലയുടെ ഏറ്റവും അറ്റത്തുള്ള ഞാൻ ആ ജില്ല ആസ്ഥാനം പോയിട്ട് ഏറ്റവും അടുത്തുള്ള ടൗണിൽ പോലും പോയിട്ടുള്ളത് എന്തെങ്കിലും അസുഖം വന്നാൽ ചികിത്സ തേടിയാണ്.
എന്തായാലും തിരുവനന്തപുരത്ത് പോവുകതന്നെ. അതിന് ഉപ്പയുടെയും ഉമ്മയുടെയും അനുമതി വേണം. അവരെ ഇത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും സമ്മതം വാങ്ങിത്തരാനും ശേഷിയുള്ള ആളെന്ന് ഞാൻ തെറ്റിദ്ധരിച്ചുപോയ ബന്ധത്തിലുള്ള ഒരാളെ അറിയിക്കാൻ അദ്ദേഹത്തിന്റെ ഭാര്യക്ക് ക്ഷണക്കത്ത് കാണിച്ചുകൊടുത്തു.
ഫോണടക്കം ആശയവിനിമയ ഉപാധകിളൊന്നുമില്ലാത്തതിനാൽ അവരെ വീണ്ടും കണ്ടുമുട്ടുന്നത് വരെ കാത്തിരുന്നു. അടുത്ത ദിവസം അവർ വീട്ടിൽ വന്നു. ഉമ്മയെയും ഉപ്പയെയും പറഞ്ഞ് മനസ്സിലാക്കി എനിക്ക് അനുമതി വാങ്ങിത്തരുമെന്ന എന്റെ പ്രതീക്ഷ വാനോളമുയർന്നു. തുടിക്കുന്ന ഹൃദയവുമായി ഞാൻ ആ നിമിഷത്തിനായി കാത്തിരുന്നു.
എന്നാൽ അവർ ഉമ്മയോടും ഉപ്പയോടും പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിപ്പോയി. ‘അതൊക്ക തട്ടിപ്പായിരിക്കും, അതിനൊന്നും പോകേണ്ടാന്ന് പറയൂ.’ ഞാൻ വല്ലാണ്ടായി. ആകെ തകർന്നു. ഒരു ഇളിഭ്യചിരി ചിരിച്ച് അവിടെനിന്ന് മാറി. ഉമ്മയോടും ഉപ്പയോടും സങ്കടം പറഞ്ഞു. ‘ഓരെല്ലാം പറഞ്ഞത് ശരിയാണെങ്കിലോ’ എന്നായിരുന്നു ഉമ്മയുടെ ചോദ്യം. എന്നാൽ ‘അവർ പറഞ്ഞത് ശരിയാകണമെന്നൊന്നുമില്ല’ എന്ന് പറഞ്ഞ് ഉപ്പ എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. അന്ന് രാത്രി ഏറെ സങ്കടത്തോടെ ഉറങ്ങി.
രാവിലെ വിളിച്ചുണർത്തിയ ഉമ്മ എന്നെ അത്ഭുതപ്പെടുത്തി. ‘ഞാൻ കൂടെയുണ്ടെങ്കിൽ നിന്നെ ആരും പറ്റിക്കില്ല, ഞാൻ വരാം. ടിക്കറ്റൊക്കെ വെർതെ കിട്ടുന്നതല്ലേ, ഞമ്മക്ക് പോയി നോക്കീട്ട് വരാം. ഉപ്പ വന്നാൽ ചാപ്പ (ചായ പീടിക) പൂട്ടണ്ടേ... ഞമ്മക്ക് പോകാം നീ വിഷമിക്കേണ്ട.’ എഴുത്തും വായനയും ദിക്കും ദേശവും വലിങ്ങനെ ധാരണയില്ലാത്ത ഉമ്മയെ കെട്ടിപ്പിടിച്ചു. പോകാമെന്നു മനസ്സിലുറച്ചെങ്കിലും ഞാനും ഉമ്മയും ഇത്ര ദൂരം രണ്ടുമൂന്നു ദിവസത്തേക്ക് എങ്ങനെ പോകും? അതായി അടുത്ത ഉത്കണ്ഠ!
ട്രെയിനിൽ യാത്ര നടത്തിയ ഒരു പരിചയവുമില്ല. അതിനും ഉമ്മ തന്നെ പരിഹാരം പറഞ്ഞു: ’നമ്മൾക്ക് ബഷീറിനെ കൂട്ടാം.’
അങ്ങനെ എന്റെ സഹോദരി ഭർത്താവ് സി.എം. ബഷീറിനെയും കൂടെ കൂട്ടി ഞങ്ങൾ കണ്ണൂരിൽനിന്നും തിരുവനന്തപുരം സ്റ്റേഷനിൽ ചെന്നിറങ്ങി. എന്റെ പേര് പ്രിൻറ് ചെയ്ത പേപ്പറും പിടിച്ച് മഹിള ദക്ഷത സമിതിയുടെ രണ്ട് വളൻറിയർമാർ ഞങ്ങളെ സ്വീകരിക്കാൻ അവിടെ കാത്തുനിന്നിരുന്നു. വലിയ സന്തോഷത്തോടെ ഉമ്മയോടൊപ്പം കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്പ്മെൻറ് കോർപറേഷന്റെ (കെ.ടി.ഡി.സി) വക ടൂറിസ്റ്റ് ഹോമിലെത്തി.
പ്രാഥമികകാര്യങ്ങൾക്കും പ്രാതലിനും ശേഷം നേരെ കനകക്കുന്ന് കൊട്ടാരത്തിലെത്തി. അന്നത്തെ ഉപരാഷ്ട്രപതി കൃഷ്ണകാന്തും പത്നി സുമൻ കൃഷ്ണകാന്തും മറ്റ് പ്രമുഖരും പങ്കെടുക്കുന്നതിനാൽ വലിയ സുരക്ഷപരിശോധനയും മറ്റും കഴിഞ്ഞാണ് ഞങ്ങളെ ഓരോരുത്തരെയും കൊട്ടാരത്തിലേക്ക് പ്രവേശിപ്പിച്ചത്. അന്നാണ് ഞാൻ ആദ്യമായി സെക്യൂരിറ്റി ചെക്കിങ്ങിന് വിധേയയായത്.
അന്ന് രണ്ടു പേർക്കുമാത്രമെ കത്തിൽ ട്രെയിൻ ടിക്കറ്റ് പറഞ്ഞിരുന്നുള്ളൂ. പക്ഷേ തിരിച്ചുപോരുമ്പോൾ മൂന്നാമനായി ഞങ്ങളോടൊപ്പം വന്ന ബഷീർ കാക്കായുടെ യാത്രാചെലവും സംഘാടകർ തന്നു. മാത്രമല്ല ഞങ്ങൾക്കുണ്ടായിരുന്നതുപോലെ അദ്ദേഹത്തിനും താമസസൗകര്യവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും എല്ലാം ലഭിച്ചു. ഓരോ സ്വാതന്ത്ര്യദിനം വരുമ്പോഴും ഓർമയിൽ ഒളിവെട്ടുന്നതാണ് അന്ന് പങ്കെടുത്ത സ്വാതന്ത്ര്യത്തിന്റെ ആ സുവർണ ജൂബിലി ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.