ജീവിതം മാറ്റിയ തല വര
text_fieldsപോര്‍ട്രേറ്റുകള്‍ വരയ്ക്കാനാണ് ഏറെ ഇഷ്ടം. പഠനകാലയളവില്‍ തന്നെ പഠിപ്പിച്ച അധ്യാപകരെ വരച്ച് ഗുരുദക്ഷിണയായി നല്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന്- ഷിഹാബ് പറയുന്നു
‘വരയാണ് സന്തോഷം, പ്രതിഫലത്തേക്കാള്‍ മൂല്യം അത് സ്വീകരിക്കുന്നവരുടെ നിറഞ്ഞ മനസ്സും ചിരിയുമാണ്. വ്യക്തിപരമായി അത്രമേല്‍ സംതൃപ്തിയും ഏറെ സന്തോഷവും പകരുന്ന ഈ കലയെ പിന്നെങ്ങനെയാണ് ഞാന്‍ അടയാളപ്പെടുത്തുക. തന്റെ പ്രവാസകാലം ഇങ്ങനെയാവും അടയാളപ്പെടുത്തുക എന്ന് വരച്ചുതുടങ്ങിയ നാളുകളിൽ കാസര്കോടുകാരന് ഷിഹാബ് ചിന്തിച്ചുപോലുമില്ല. ഇന്ന് ദുബൈയിലെ ജോലിത്തിരക്കുകള്‍ക്കിടയിലും സൗഹൃദങ്ങളുടെ മനസ്സുകളിലേക്ക് കുടിയേറാന്‍ ഷിഹാബ് പലയിടങ്ങളിലും ഓടിയെത്തും, അവരെ തന്റെ കാന്‍വാസില്‍ പകര്‍ന്നത് കൈമാറാന്‍.
20 വര്‍ഷമായി പ്രവാസിയാണ് ഷിഹാബ് റുഖിയ്യ ഉദിനൂര്‍. തന്റെ പതിനാലാം വയസ്സില്‍ ഉപ്പ മരിക്കുമ്പോള്‍, കുടുംബം പോറ്റിയിരുന്ന ജ്യേഷ്ഠന് കൈത്താങ്ങാവാനാണ് ദുബൈയിലേക്ക് പറന്നത്. പഠന കാലയളവിലൊന്നും വരകളോട് ഒട്ടുമേ പ്രിയമില്ലായിരുന്നു. ജോലിയും മറ്റുമൊക്കെയായി പൊതുയിടങ്ങളിലേക്ക് ഇറങ്ങിയപ്പോഴാണ് തന്നിലൊരു വരക്കാരന് ഒളിഞ്ഞുകിടിക്കുന്നതായി കണ്ടെത്തിയത്. നാട്ടിലെ ചെറിയ ജോലികളുടെ ഇടയ്ക്ക് ചിത്രരചന പഠിച്ചെടുത്തു. ബാനറെഴുത്തും ചില്ലറ ആര്‍ട്ട് വര്‍ക്കുകളുമൊക്കെയായി കഴിഞ്ഞുവരുമ്പോഴാണ് കടല്ക്കടക്കേണ്ടി വന്നത്. ജോലി ചെയ്തിരുന്ന ഓഫിസിലെ മാനേജര്‍ പ്രീതി ചേച്ചിയെ വരച്ചത് ഷിഹാബിന്റെ തലവര മാറ്റിമറിച്ചു. കമ്പനിച്ചെലവില്‍ ഡിസൈനിങ് പഠിപ്പിച്ചു. ഒപ്പം ഡോക്യുമെന്റ് കൺട്രോളര് എന്ന പ്രമോഷനും.
പോര്‍ട്രേറ്റുകള്‍ വരയ്ക്കാനാണ് ഏറെ ഇഷ്ടം. പഠനകാലയളവില്‍ തന്നെ പഠിപ്പിച്ച അധ്യാപകരെ വരച്ച് ഗുരുദക്ഷിണയായി നല്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് ഷിഹാബ് പറയുന്നു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂളുകളിലെ അധ്യാപകരെയാണ് പ്രവാസത്തിന്റെ ഇടവേളകളില്‍ നാട്ടിലെത്തിയപ്പോള്‍ വരച്ച് തന്റെ ഗുരുക്കന്മാരോടുള്ള സ്നേഹം പങ്കുവച്ചത്. അന്നും ഇന്നും തന്നിലെ ചിത്രകാരനെ ഏറെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത് അയല്‍വാസിയായ കാര്‍ത്യായനി അമ്മയാണ്. ആദ്യകാലങ്ങളില്‍ സിനിമാതാരങ്ങളുടെ ചിത്രങ്ങളാണ് അധികമായും വരച്ചിരുന്നത്. പിന്നീടത് സുഹൃത്തുകളുടെ ചിത്രങ്ങളായി. ഇപ്പോള്‍, സാമൂഹിക മാധ്യമങ്ങളിലെ സൗഹൃദങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ഞെട്ടിക്കുക എന്നതാണ് മറ്റൊരു വിനോദം. അതോടൊപ്പം ദുബൈയിലെ ഒഴിവുനേരങ്ങളില്‍ തെരുവോരക്കാഴ്ചകളും ജനങ്ങളെയുമൊക്കെ പകര്‍ത്തും.
2018 ലെ പ്രളയക്കെടുതിയില്‍ ദുരിതംപേറിയവര്ക്കു കൈത്താങ്ങാവാന്‍ ചിത്രങ്ങള്‍ വരച്ച് വിറ്റഴിച്ചു നല്ലൊതു തുക സമാഹരിച്ചിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ ഷിഹാബ് തല്‍സമയ കാരിക്കേച്ചര്‍ രചന നടത്തിയപ്പോള്‍ നിരവധിപേരാണ് പങ്കാളികളായത്. പ്രവാസത്തിനിടെ വീണുകിട്ടുന്ന ഇടവേളകളില്‍ നാട്ടിലെത്തുമ്പോള്‍ ഇത്തരത്തില്‍ തന്നാല്‍ കഴിയുന്നത് ചെയ്യുക എന്നതും ശീലമാണ്.
ഖത്തറിലായിരുന്നപ്പോഴും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമക്കാഴ്ചകള്ക്കു വര്‍ണം പകരുമ്പോള്‍ തെയ്യവും ചെണ്ടയും മേലേരിയുമെല്ലാം ഷിഹാബിന്റെ കാന്‍വാസുകള്‍ക്ക് മിഴിവേകും. യു.എ.ഇ. ആര്‍ട്ടിസ്റ്റ് ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ഔട്ട്ഡോര്‍ ചിത്രരചനകളില്‍ പങ്കെടുക്കുകയും ചെയ്തുവരുന്നുണ്ട്. 2024ലെ വേള്‍ഡ് ആര്‍ട്ട് ദുബൈ പരിപാടിയില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഒപ്പം അതേവര്‍ഷം ജനുവരിയില്‍ നടക്കുന്ന കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലെ എക്സിബിഷനില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും തുടരുകയാണ്.
എത്ര ചിത്രങ്ങള്‍ വരച്ചു. ആര്‍ക്കൊക്കെ കൊടുത്തു എന്നതിന് ഷിഹാബിന് ഉത്തരമില്ല. വരച്ചുകൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് ഏറ്റവും വലിയ ബഹുമതിയെന്നാണ് ഷിഹാബിന്റെ പക്ഷം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ കാസര്‍കോട് കലക്ടറില്‍ നിന്ന് ഉപഹാരം ലഭിച്ചത് ഈ പ്രവാസി ചിത്രകാരന്റെ ഹൃദ്യമായ ഓര്‍മകളാണ്. കാസര്‍കോട് പെരിയ അമ്പലം കളിയാട്ടത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വന്‍ വിലയ്ക്കു വിറ്റുപോയത് തന്നിലെ കലാകാരന് ലഭിച്ച അംഗീകാരമായിട്ട് ഷിഹാബ് കരുതുന്നു.
പിതാവ് കാത്തിമും മാതാവ് റുഖിയ്യയും മരണപ്പെട്ടു. അഷ്റഫ്, നസീമ, സുഹറ, മുനീര്‍ എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യ ജസ്മിന. ജഹാന, ജസ്മ, റുഖിയ്യ, ഫാത്വിമ എന്നിവരാണ് മക്കള്‍. മക്കളെല്ലാം ചിത്രകലയുടെ വിവിധ മേഖലകളില്‍ താല്‍പ്പര്യമുള്ളവരാണ്. പങ്കെടുത്ത ചിത്രകലാ മല്‍സരങ്ങളിലൊക്കെ സമ്മാനങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.