മസ്കത്തിൽ ആഘോഷങ്ങൾക്ക് സ്ഥിരം വേദിയൊരുങ്ങുന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ ഹൃദയഭൂമിയായ മസ്കത്തിൽ വലുതും ചെറുതുമായ പരിപാടികൾക്കും ആഘോഷങ്ങൾക്കും യോജിച്ച സ്ഥിരം വേദി നിർമിക്കുന്നു. ഇതിന്റെ ആദ്യ ചുവടെന്ന നിലയിൽ മസ്കത്ത് മുനിസിപ്പാലിറ്റി കൺസൽട്ടിങ് സേവനങ്ങൾ നൽകുന്ന കമ്പനികളിൽനിന്ന് ടെൻഡർ വിളിച്ചു. ബഹുമുഖമായ സംവിധാനങ്ങളോടെ സജ്ജീകരിക്കുന്ന വലിയ മൈതാനമായിരിക്കും പദ്ധതിയിൽ നിർമിക്കുക. വർഷം മുഴുവൻ വിനോദ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമാകുന്ന വേദിയായിരിക്കുമിത്.
ടെൻഡർ ബോർഡിൽ രജിസ്റ്റർചെയ്ത ഫസ്റ്റ് ക്ലാസ് കമ്പനികളോട് അപേക്ഷ സമർപ്പിക്കാനാണ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. താൽപര്യമുള്ള കമ്പനികൾ അന്താരാഷ്ട്ര നിലവാരത്തിനും ഇവന്റ് മാനേജ്മെന്റിലെ നിലവിലെ ട്രെൻഡുകൾക്കുമനുസരിച്ച് നവീനമായ ഡിസൈനുകളും ആശയങ്ങളും സമർപ്പിക്കണം. ഇവന്റുകൾക്കും പരിപാടികൾക്കും ആവശ്യമായ എല്ലാ ഘടകങ്ങളും ഒരുമിച്ചുണ്ടാകുന്ന വേദിയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
നടപ്പാതകളുടെ നിർമാണം, ലൈറ്റിങ്, തിയറ്ററുകൾ, എക്സിബിഷൻ സംവിധാനം, ഭക്ഷണശാലകൾ, വിശ്രമമുറികൾ, വിനോദത്തിനും പ്രമോഷനൽ പ്രവർത്തനങ്ങൾക്കുമായി പ്രത്യേകം സോണുകൾ എന്നിവ നിർദിഷ്ട വേദിയിൽ ഉൾപ്പെടുന്നതാണ്. പരിപാടികൾക്കായി പ്രത്യേക ഏരിയകൾ, സ്റ്റേജുകൾ, കലാപ്രകടന ഇടങ്ങൾ, ഗെയിം സൈറ്റുകൾ, പരിസ്ഥിതി സൗഹൃദസ്ഥലങ്ങൾ എന്നിവക്കായി ഡിസൈനുകൾ തയാറാക്കുന്നതും ടെൻഡറിൽ ഉൾപ്പെടുന്നുണ്ട്.
സ്വദേശികൾക്കും പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കുംവേണ്ടിയുള്ള ആകർഷകമായ ഇടമെന്ന നിലയിലാണ് പ്രത്യേക സംവിധാനം രൂപപ്പെടുത്തുന്നത്. സുസ്ഥിര നഗരവികസനത്തിനും ഗവർണറേറ്റിന്റെ മുന്നേറ്റത്തിനും വേണ്ടിയുള്ള ഒമാൻ വിഷൻ-2040ന്റെ മുൻഗ ണനകളനുസരിച്ചാണ് സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.വ്യത്യസ്ത സീസണുകളുമായി പൊരുത്തപ്പെടുകയും സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതായിരിക്കും പദ്ധതിയെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
നിർമാണം പൂർത്തിയാകുന്നതോടെ ബിസിനസ് വളർച്ചക്കും സാംസ്കാരിക മുന്നേറ്റത്തിനും സഹായകമാകുന്ന വലിയ സംവിധാനമായി വേദി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.