നാൽപതിനായിരം മുത്തുമണികൾ തുന്നിച്ചേർത്ത് ശൈഖ് സായിദിന്റെ ചിത്രം
text_fieldsപഴയങ്ങാടി: മുത്തുമണികൾ ഉപയോഗിച്ച് തുന്നിച്ചേർക്കാത്തതൊന്നുമില്ല, ഏഴാം മൂലയിൽ ദസൂഖിലെ കെ.വി. ജമീല എന്ന വീട്ടമ്മ. സ്വന്തം കരവിരുതിൽ തീർത്ത ബാഗുകൾ, കീ ചെയ്നുകൾ, ടിഷ്യൂ ബോക്സ്, പഴ്സ്, മാല, വളകൾ, വിവിധയിനം പ്രദർശന വസ്തുക്കൾ എന്നിവയുടെ ശേഖരത്തിനുടമയായ ജമീല സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കൈവേലകൾ കൊണ്ട് ഉൽപന്നങ്ങളുടെ വിസ്മയം തീർത്തിരുന്നു.
ആറു മാസം മുമ്പാണ് നൂലുകൾ കൊണ്ട് മുത്തുകൾ കാൻവാസിൽ തുന്നിച്ചേർത്ത് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ് യാനെ കാൻവാസിൽ പതിപ്പിക്കണമെന്ന ആശയം മനസ്സിലുദിച്ചത്.
തുടർന്ന് 94 ദിവസം കൊണ്ട് ജമീല കാൻവാസിൽ പകർത്തി പൂർണമാക്കി. 24" നീളത്തിലും 18" വീതിയുമുള്ള കാൻവാസിൽ 40000 മുത്തുകൾ തുന്നിപ്പിടിപ്പിച്ചാണ് ശൈഖ് സായിദിനെ സഫലമാക്കിയത്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നുമായി മുത്തുകളും മറ്റും ശേഖരിക്കുന്നതിന് ഭർത്താവും പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ജനകീയ ഡോക്ടറുമായ എം. അബ്ദുൽ സലാമിന്റെ സഹായവുമുണ്ടായതോടെ മൂന്നു മാസം കൊണ്ട് ചിത്രത്തിനാവശ്യമായ വിവിധ വർണങ്ങളിലുള്ള മുത്തുകൾ ശേഖരിക്കാനായി.
ഡിസംബർ രണ്ടിന് യു.എ.ഇയുടെ ദേശീയ ദിനത്തിൽ അബൂദബിയിലെത്തിച്ച് സർക്കാർ ഔദ്യോഗിക കേന്ദ്രത്തിന് നൽകാനുള്ള ശ്രമത്തിലാണ് ജമീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.