ചിത്ര കുതൂഹലം
text_fieldsകേരളത്തിൽ ജനിച്ച എ. രാമചന്ദ്രൻ ഇവിടെ ജീവിച്ചത് കുറവാണ്. ഉപരിപഠനത്തിനായി ശാന്തിനികേതനിലേക്കു പോയതിൽപിന്നെ പുറംനാടുകളിലെ നഗരങ്ങളിൽതന്നെയായിരുന്നു. പക്ഷേ, തനത്-ഗോത്ര ലാവണ്യസങ്കൽപങ്ങൾ ഇത്രയും മനോഹരമായി കാൻവാസിൽ പ്രതിഫലിപ്പിച്ചവരുണ്ടാകില്ല.
ആദ്യകാലത്ത് നഗരത്തിന്റെ ആകുലതകളായിരുന്നു അദ്ദേഹത്തെ ഉത്തേജിപ്പിച്ചത്. എന്നാൽ, 80കളോടെ അതിൽ പ്രകടമായ മാറ്റം വന്നു. കേരളീയ നിറങ്ങളും ചുമർചിത്രത്തെ ധ്വനിപ്പിക്കുന്ന ശൈലിയും ഗോത്രഭാവനകളും രചനകളിൽ പടർന്നു. വലിയ കാൻവാസുകളോടായിരുന്നു എന്നും പ്രിയം. എണ്ണച്ചായത്തിലും ജലച്ചായത്തിലും ഒരുപോലെ അത്ഭുതം കാണിച്ചു. മിത്തുകളും പുരാണ സങ്കൽപങ്ങളും (‘യയാതി’ പോലുള്ളവ) രാമചന്ദ്രനെ പ്രചോദിപ്പിച്ചു.
ഒറ്റനോട്ടത്തിൽ ലളിതസുന്ദരമെന്നു തോന്നുമെങ്കിലും സൂക്ഷ്മതയിൽ അങ്ങേയറ്റം ഗഹനമായ ശൈലിയായിരുന്നു പിന്തുടർന്നത്. വർണവിന്യാസത്തിലെന്നപോലെ, വരയിലുമുള്ള കൈയൊതുക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാണുമ്പോൾതന്നെ അനുവാചകനെ അമ്പരപ്പിക്കുന്ന ഒരു മാജിക് അദ്ദേഹത്തിന്റെ എല്ലാ കാൻവാസുകളിലുമുണ്ട്. പ്രകൃതി എക്കാലവും രാമചന്ദ്രന്റെ കാൻവാസുകളിലെ സാന്നിധ്യമാണ്. പ്രകൃതിയുടെ സൂക്ഷ്മവും വന്യവുമായ ഭാവങ്ങളെ അദ്ദേഹം നിരന്തരം ഉപാസിച്ചു. അതിൽ പൂക്കങ്ങളും കിളികളും ചെറുജീവികളും മൂങ്ങയും കുരങ്ങനും ആടും അണ്ണാനുമെല്ലാം നിറഞ്ഞു. രാമചന്ദ്രന്റെ സ്ത്രീ ആവിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായ ശൈലീസൗന്ദര്യം പ്രകടിപ്പിക്കുന്നവയാണ്.
1935ൽ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ മലയാളത്തിലാണ് ബിരുദാനന്തര ബിരുദം നേടിയത്. അന്നത്തെ നടപ്പനുസരിച്ച്, മലയാളം അധ്യാപകനാകേണ്ടതായിരുന്നു. എന്നാൽ, ചെറുപ്പം മുതലേ ഉള്ളിലുള്ള കലാഭിമുഖ്യത്തിനു പിറകെ പോകാനായിരുന്നു താൽപര്യം. കലയുടെയും സംസ്കാരത്തിന്റെയും കേളീഭൂമിയായിരുന്ന ശാന്തിനികേതനിൽ കലാപഠനത്തിനു ചേർന്നു. ബിനോദ് ബിഹാരി മുഖർജിയുടെയും രാംകിങ്കർ ബെയ്ജിനെയും പോലുള്ള അതികായന്മാരായിരുന്നു അവിടത്തെ ഗുരുക്കന്മാർ. കലയിലും ജീവിതത്തിലും കലാപകാരിയായിരുന്ന രാംകിങ്കർ ബെയ്ജിന്റെ ഏറ്റവും പ്രിയ ശിഷ്യരിൽ ഒരാളാണ്. രാമചന്ദ്രന് ഗുരുക്കന്മാരിൽ പ്രഥമഗണനീയനും ബെയ്ജ് ആയിരുന്നു. കേരളത്തിന്റെ ചുമർചിത്രകലയായിരുന്നു ഗവേഷണ വിഷയം.
1965ൽ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ അധ്യാപകനായി ചേർന്നു. 92ൽ സ്വയം വിരമിക്കുംവരെ അവിടെയുണ്ടായിരുന്നു. സർവകലാശാലയിൽനിന്ന് വിരമിച്ചിട്ടും ഡൽഹിയിൽ തുടർന്നു. 2005ൽ ജാമിഅയിൽ എമരിറ്റസ് പ്രഫസറായി. 1991ൽ കേരള ലളിതകല അക്കാദമിയുടെ ഓണററി പ്രഫസറായിരുന്നു. ലളിതകല അക്കാദമി ഫെലോ ആയിരുന്ന രാമചന്ദ്രന് 2005ൽ പത്മഭൂഷൺ ലഭിച്ചു. 2013ൽ എം.ജി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. ശിൽപങ്ങളിലും മികവു തെളിയിച്ചു. ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിൽ അദ്ദേഹം നിർമിച്ച ശിൽപം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശാന്തിനികേതനിലെ ‘ചീന ഭവന’ സ്ഥാപകനും പണ്ഡിതനുമായ താൻ യുൻ-ഷാനിന്റെ മകൾ താൻ യുവാൻ ചമേലിയാണ് ഭാര്യ. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളെഴുതി.
കേരളീയ ചുമർചിത്രകലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ‘പെയ്ന്റഡ് അബോഡ് ഓഫ് ഗോഡ്സ്: മ്യൂറൽ ട്രഡീഷൻസ് ഓഫ് കേരള’ ഈ മേഖലയിലെ പ്രധാന പഠനങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. കുട്ടികൾക്കായി പുസ്തകങ്ങൾ എഴുതുകയും അതിൽ ചിത്രങ്ങൾ വരക്കുകയും ചെയ്തു. ഇത് ഇന്ത്യയിലും വിദേശഭാഷകളിലും പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഗാലറികളിൽ എക്സിബിഷനുകൾ നടത്തിയ അദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എത്ര കണ്ടാലും കൊതിതീരാത്ത, ആശ്ചര്യവും അമ്പരപ്പും കാണികളിൽ പീലിവിടർത്തുന്ന കാൻവാസുകൾ കലാലോകത്തിനായി സമർപ്പിച്ചാണ് രാമചന്ദ്രൻ അനശ്വരതയിലേക്കു നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.