കുഞ്ഞിമംഗലത്തൊരുങ്ങി കോടിയേരി ബാലകൃഷ്ണന്റെ ശിൽപം
text_fieldsപയ്യന്നൂർ: കോടിയേരി ബാലകൃഷ്ണന്റെ ഓർമക്കായി ശിൽപമൊരുങ്ങുന്നു. കേരളത്തിന്റെ മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം നേതാവുമായ കോടിയേരിയുടെ രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ശിൽപം ശിൽപ ഗ്രാമമായ കുഞ്ഞിമംഗലത്താണ് ഒരുങ്ങുന്നത്. ശിൽപി ചിത്രൻ കുഞ്ഞിമംഗലം വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസ് മെറ്റലിലാണ് ശിൽപം നിർമിച്ചത്.
വിദേശ രാജ്യങ്ങളിലടക്കം നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ യുവ ശിൽപിയാണ് ചിത്രൻ കുഞ്ഞിമംഗലം. ചിരിച്ച മുഖമുള്ള സഖാവിന്റെ ശിൽപം അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകാനാണ് തീരുമാനം. കോടിയേരി വിടവാങ്ങിയത് 2022 ഒക്ടോബർ ഒന്നിനാണ്. കോടിയേരിയുടെ ഫോട്ടോയും വിഡിയോകളുമാണ് ശിൽപ നിർമാണത്തിന് ആധാരമായതെന്ന് ചിത്രൻ പറഞ്ഞു.
കളിമണ്ണിൽ മോഡൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ചെയ്ത് ഫൈബർ ഗ്ലാസ് മെറ്റലിലാണ് പൂർത്തീകരിച്ചത്. രണ്ട് മാസത്തോളം സമയമെടുത്താണ് ശിൽപം നിർമിച്ചത്. ചിത്രൻ നിർമിച്ച നിരവധി ശിൽപങ്ങൾ കോടിയേരി അനാച്ഛാദനം ചെയ്തിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം നിർമാണം കൂടുതൽ മികച്ചതാക്കാൻ സാധ്യമായതായും ചിത്രൻ പറയുന്നു. ഗാന്ധിജി, എ.കെ.ജി, ഇ.എം.എസ്, ശ്രീനാരായണ ഗുരു, ബി.ആർ. അംബേദ്കർ, ഇമ്പിച്ചിബാവ, സ്വാമി വിവേകാനന്ദൻ, എഴുത്തച്ഛൻ എന്നിവ ഇതിന് മുമ്പ് നിർമിച്ച പ്രധാനപ്പെട്ട ശിൽപങ്ങളാണ്.
ഇന്ത്യൻ പാർലമെന്റിൽ സ്ഥാപിച്ച എ.കെ.ജിയുടെ പൂർണകായ വെങ്കല ശിൽപം നിർമിച്ചത് ചിത്രന്റെ പിതാവ് ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ്. ശിൽപ കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ. ചിത്ര, കെ.വി. കിഷോർ, സുദർശൻ എന്നിവർ കോടിയേരിയുടെ ശിൽപ നിർമാണത്തിൽ സഹായികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.